പ്രളയം 15 ലക്ഷം കുട്ടികളെ ബാധിച്ചു  കോഴിക്കോട‌് സംസ്ഥാനത്ത‌് 15 ലക്ഷത്തോളം കുട്ടികളെ പ്രളയം ബാധിച്ചതായി ബാലാവകാശ കമീഷന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച‌് വിശദമായ പഠനത്തിന‌്  കമീഷൻ രൂപം നൽകി. പ്രളയം രൂക്ഷമായി ബാധിച്ച 25 പഞ്ചായത്ത‌്/നഗരസഭകളിൽ ഈ മാസം ഒടുവിൽ പഠനം ആരംഭിക്കും. അടുത്തമാസം സർക്കാരിന‌് റിപ്പോർട്ട‌് നൽകും. പ്രളയം രൂക്ഷമായ 11 ജില്ലകളിലെ 22 പഞ്ചായത്തുകളാണ‌് പഠനത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. കാസർകോട‌്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മൂന്ന‌് പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു. 2500 കുട്ടികളെ നേരിൽ കണ്ടാണ‌് റിപ്പോർട്ട‌് തയ്യാറാക്കുക. ‘പ്രളയകാലത്തെ കുട്ടികളുടെ ശബ‌്ദം’ എന്നുപേരിട്ട പഠനത്തിൽ കുട്ടികൾക്കുണ്ടായ അനുഭവങ്ങൾ, മാനസികാഘാതം, ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം എന്നിവ പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഇത്തരത്തിലുള്ള ദുരന്തങ്ങൾ നേരിടാൻ കുട്ടികളെ പ്രാപ‌്തരാക്കുകയും സുരക്ഷാ മാർഗങ്ങൾ തേടുകയുമാണ‌് ലക്ഷ്യമിടുന്നത‌്. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക‌് എന്തെല്ലാം നിർദേശങ്ങൾ നൽകാൻ കഴിയുമെന്ന‌് വിലയിരുത്തും. ബാലാവകാശ കമീഷൻ അംഗങ്ങളുടെ മേൽനോട്ടത്തിൽ 125 അംഗ സംഘമാകും പഠനത്തിന‌് നേതൃത്വം നൽകുക. അവർ 14 ടീമായി തിരിഞ്ഞ‌് 20 മുതൽ 23വരെ പ്രളയബാധിത പ്രദേശത്തെത്തും. കുട്ടികളെ നേരിട്ട‌്കണ്ട‌് അവരോട‌് വിവരങ്ങൾ ആരായും. വീട‌് നഷ‌്ടപ്പെട്ടവർ, പുസ‌്തകങ്ങളും വസ‌്ത്രങ്ങളും കളിപ്പാട്ടങ്ങളും നഷ‌്ടപ്പെട്ടവർ, മാതാപിതാക്കൾ മരിച്ചവർ, സ‌്കൂളുകൾ ഇല്ലാതായവർ, പഠനം തടസ്സപ്പെട്ടവർ എന്നിവരുടെയെല്ലാം വിവരങ്ങൾ ശേഖരിക്കും.  കുട്ടികളുടെ  പ്രളയാനുഭവം പൊതുവേദിയിൽ വിവരിക്കാനും കമീഷൻ അവസരമൊരുക്കും. ഇതിനായി സംസ്ഥാനത്ത‌് മൂന്നിടത്ത‌് ശിൽപ്പശാലകൾ സംഘടിപ്പിക്കും. Read on deshabhimani.com

Related News