ആലുവയിൽ ക്യാമ്പുകൾ ഒഴിയുന്നു; വീടുശുചീകരണം തുടങ്ങി

ചലച്ചിത്രനടൻ ജയസൂര്യ ചൂർണിക്കരയിലെ ദുരിതാശ്വാസ ക്യാന്പ്‌ സന്ദർശിച്ചപ്പോൾ


ആലുവ  പെരിയാറിലെ ജലനിരപ്പ് താഴ്‌ന്നെങ്കിലും വെള്ളപ്പൊക്കം കൊണ്ടുവന്ന യാതനകൾക്ക് പരിഹാരമായില്ല. പല ക്യാമ്പുകളിൽനിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വീടുകളിലെ ചളി പൂർണമായും നീക്കം ചെയ്യാനും കിണറുകൾ വൃത്തിയാക്കാനും സമയം വേണ്ടിവരും. ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി ഇൽഫത്ത് സ്‌കൂളിൽ പാർപ്പിച്ചിരുന്ന 10 കുടുംബങ്ങൾ അവരവരുടെ വീടുകളിലേക്ക് മടങ്ങി. എസ‌്‌പിഡബ്ല്യു സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്ന എട്ട് കുടുംബങ്ങൾ തിങ്കളാഴ്ച വീടുകളിലേക്ക് മടങ്ങും. ഇവരുടെ വീടുകളിൽനിന്നും ചളി നീക്കാൻ കഴിഞ്ഞിട്ടില്ല. ഡിവൈഎഫ്‌ഐ മഹിളാപ്രവർത്തകർ ചളി നീക്കം ചെയ്തുവരുന്നു. കീഴ്മാട് പഞ്ചായത്ത് ചാലക്കൽ എസ്എൻഡിപി ഹാളിൽ അഭയംതേടിയ അഞ്ച് കുടുംബങ്ങൾ വീടുകളിലെ ചളി നീക്കംചെയ്ത് തീരാത്തതിനാൽ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം സെന്റ് ജോൺസ് പാരിഷ് ഹാളിലെ 165 കുടുംബങ്ങളും മുപ്പത്തടം സെന്റ് ജോൺസ് സ്‌കൂൾക്യാമ്പിൽ കഴിഞ്ഞ 78 കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങി. വീടുകളിലേക്ക് തിരിച്ചുപോകുന്നവർക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റ് പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷിന്റെ നേതൃത്വത്തിൽ വിതരണംചെയ്തു. ക്യാമ്പുകളിൽ ചലച്ചിത്രനടൻ ജയസൂര്യ ഓരോ ചാക്ക് അരിവീതം നൽകുകയുണ്ടായി. ചാലക്കൽ എസ്എൻഡിപി ഹാളിൽ കഴിയുന്നവർക്ക് എടത്തല മുതിരക്കാട്ടുമുകൾ ഇഎംഎസ് സ്മാരക വായനശാല പ്രവർത്തകർ ഭക്ഷണപദാർത്ഥങ്ങളും വെള്ളവും എത്തിച്ചുനൽകി. Read on deshabhimani.com

Related News