ഇത‌് കുരുക്ഷേത്ര കാലമോ: ഡോ. എം ലീലാവതികൊച്ചി കുരുക്ഷേത്രയുദ്ധത്തിന്റെ കാലഘട്ടത്തിലാണ‌് നമ്മൾ ജീവിക്കുന്നതെന്ന‌് തോന്നിപ്പിക്കുന്നു അഭിമന്യുവിന്റെ കൊലപാതകമെന്ന‌് ഡോ. എം ലീലാവതി. രാജേന്ദ്രമൈതാനിയിൽ ഡിവൈഎഫ‌്ഐയും എസ‌്എഫ‌്ഐയും ചേർന്ന‌് സംഘടിപ്പിച്ച ഹൃദയപക്ഷത്തിൽ സംസാരിക്കുകയായിരുന്നു അവർ. പത്മവ്യൂഹത്തിൽപ്പെട്ട അഭിമന്യുവിനെ ഓർമിപ്പിക്കുന്നു ഈ അഭിമന്യുവും. ഗാന്ധാരിയെപ്പോലെ ഒരമ്മ ഇവിടെ വിലപിക്കുന്നു. ഭൂപതി എന്ന അമ്മയുടെ കണ്ണീരിനെപ്പറ്റി ആലോചിച്ച‌ിട്ട‌്  ഉറങ്ങാനേ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. മഹാരാജാസിൽ നാലുവർഷം വിദ്യാർഥിയും ദീർഘകാലം അധ്യാപികയുമായിരുന്നു. വിദ്യാർഥിസംഘർഷങ്ങൾ മഹാരാജാസിൽ എന്നും ഉണ്ടായിട്ടുണ്ട‌്. എന്നാൽ, വിളിച്ചുവരുത്തി കുത്തിക്കൊല്ലുന്നത‌് ആദ്യമായാണ‌്. അതും കൊല്ലാൻ പരിശീലനം സിദ്ധിച്ചവർ എത്തി ഒറ്റക്കുത്തിന‌് കൊല്ലുന്നു. ഇത്തരത്തിലൊരു ക്രൂരമായ സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല. നമ്മൾ നിൽക്കുന്നത‌് ശാസ‌്ത്ര പ്രബുദ്ധതയുടെ കാലത്താണോ എന്ന സന്ദേഹമാണ‌് ഉണ്ടാകുന്നത‌്. ശാസ‌്ത്ര പ്രബുദ്ധതയുണ്ടെങ്കിൽ ഇത്തരം കടുംകൈ സംഭവിക്കില്ലായിരുന്നു. അതും മതത്തിന്റെ പേരുപറഞ്ഞ‌്. എല്ലാ മതങ്ങളും പറയുന്നത‌് സ‌്നേഹത്തെയും കാരുണ്യത്തെയും കുറിച്ചാണ‌്. എന്നാൽ, പ്രയോഗതലത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത‌്. ദേശസ‌്നേഹത്തിന്റെയും മതത്തിന്റെയും പേരിലാണ‌് ഏറ്റവും അധികം കൊലപാതകങ്ങൾ ഉണ്ടായിട്ടുള്ളത‌്. മനുഷ്യർക്കിടയിൽ രക്തഗ്രൂപ്പുകളുടെ വ്യത്യാസമേ ഉള്ളൂ. അതുകൊണ്ടുതന്നെ എ, ഒ, ബി എന്നീ ജാതികളെ  ഉള്ളൂ. അത്തരത്തിലൊരു തലമുറ ഇവിടെ വളർന്നുവരണം. അഭിമന്യു അവസാനം എഴുതിയ വർഗീയത തുലയട്ടെ എന്ന വാചകം ജീവിതത്തിലേക്ക‌് വിവർത്തനംചെയ്യണമെന്നും ഡോ. എം ലീലാവതി പറഞ്ഞു. Read on deshabhimani.com

Related News