ലിനി‐ ‘മാലാഖ’യെന്ന പേര‌് അന്വർഥമാക്കിയവൾ: മന്ത്രി ടി പി രാമകൃഷ‌്ണൻകോഴിക്കോട‌് > നേഴ‌്സുമാർക്കുള്ള മാലാഖമാരെന്ന വിശേഷണം ആത്മത്യാഗത്തിലൂടെ അന്വർഥമാക്കിയവ‌ളാണ‌് സിസ‌്റ്റർ ലിനിയെന്ന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ പറഞ്ഞു. ജൂബിലിഹാളിൽ  കേരള ഗവ. നേ‌ഴ‌്സസ‌് അസോസിയേഷൻ സംഘടിപ്പിച്ച ലിനി അനുസ‌്മരണവും ധനസഹായ വിതരണവും ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനസന്നദ്ധതയുടെയും ത്യാഗത്തിന്റെയും പ്രതീകമായി ലോകം ഇന്ന‌് ലിനിയെ ആദരിക്കുന്നു.  നിപാ ബാധിച്ചിട്ടും രോഗവിമുക്തി നേടിയ അജന്യ ലോകത്തിന‌ുതന്നെ മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. നിപാ പ്രതിരോധം കേരളത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ ഒരിക്കൽകൂടി ലോക ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ‌്.  മെഡിക്കൽ കോളേജ‌് ഉൾപ്പെടെയുള്ള ആശുപത്രികളിലെ ഡോക്ടർമാരോടും നേഴ‌്സുമാരോടും ആരോഗ്യ പ്രവർത്തകരോടും കേരളം എന്നും കടപ്പെട്ടിരിക്കുന്നു.  കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ഇന്നുയരുന്ന വെല്ലുവിളികൾ നേരിടാൻ പ്രതിരോധത്തിന്റെ അനുഭവം മുതൽകൂട്ടാക്കണം. എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ‌് സർക്കാരിന്റെ ലക്ഷ്യം. ആത്മ സമർപ്പണത്തിന്റെ പ്രതീകമായ ലിനിയുടെ ഓർമകൾ ഇതിന‌് പ്രചോദനമാകണം. ലിനിയുടെ സ‌്മരണ നിലനിർത്തുന്നതിന‌് ഫൗണ്ടേഷൻ രൂപീകരിക്കാനുള്ള കെജിഎൻഎയുടെ തീരുമാനം അഭിനന്ദനീയമാണന്നും മന്ത്രി പറഞ്ഞു. എപ്പോഴും തങ്ങളുടെ കുടുംബത്തിനൊപ്പം നിന്ന സർക്കാരിന‌് നന്ദി പറയുന്നതായി ലിനിയുടെ ഭർത്താവ‌് സജീഷ‌് പറഞ്ഞു. മന്ത്രിമാരായ ടി പി രാമകൃഷ‌്ണനും കെ കെ ശൈലജയും നൽകിയ പിന്തുണ ആത്മവിശ്വാസം കൂട്ടിയെന്നും സജീഷ‌് പറഞ്ഞു. നിപാ വൈറസ‌് ബാധയിൽനിന്ന‌് രക്ഷപ്പെട്ട അജന്യക്ക‌് സ്വീകരണവും നൽകി. രോഗത്തിൽനിന്ന‌് മുക്തയായപ്പോൾ യാതൊരു മുൻകരുതലുമില്ലാതെ തന്റെയടുക്കലെത്തിയ മന്ത്രി കെ കെ ശൈലജ ഏറെ ആത്മവിശ്വാസം പകർന്നതായി അജന്യ പറഞ്ഞു. പ്രതിരോധ പ്രവർത്തകരായ നേഴ‌്സുമാരെ ആദരിച്ചു. ലിനിയുടെ കുടുംബത്തിനുള്ള ധനസഹായവും കൈമാറി. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ‌് ടി സുബ്രഹ്മണ്യൻ അധ്യക്ഷനായി. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരി, എം മുരളീധരൻ എന്നിവർ സംസാരിച്ചു. കെജിഎൻഎ ജനറൽ സെക്രട്ടറി പി ഉഷാദേവി സ്വാഗതവും ട്രഷറർ എൻ ബി സുധീഷ‌് കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News