ഫേസ്ബുക്ക് പ്രണയം: ലൈംഗിക ചൂഷണത്തിന‌് ശ്രമിച്ച 2 പേർ അറസ്റ്റിൽപറവൂർ വ്യാജ ഫെയ‌്സ‌്ബുക്ക‌് പ്രൊഫൈൽ നിർമിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് ലൈംഗികമായി ചൂഷണംചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കൾ വടക്കേക്കര പൊലീസ‌് പിടിയിലായി. പാലക്കാട് പുത്തൂർ കുള്ളിത്തൊടി വീട്ടിൽ ഷാനു എന്ന ഷാനവാസ് (28), അമ്പലക്കാട്ട് വീട്ടിൽ അജികുമാർ എന്ന ബാബു (46) എന്നിവരാണ് അറസ്റ്റിലായത്. ഷാനവാസ് കൽപ്പണിക്കാരനും, അജികുമാർ മൊബൈൽ റീചാർജ് കട നടത്തുന്നയാളുമാണ്.  എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയുടെ മൊബൈൽ ഫോൺവഴി  ഫെയ‌്സ്ബുക്ക് അക്കൗണ്ട‌് തുറന്ന പെൺകുട്ടിയെ ഷാനവാസ‌് പരിചയപ്പെടുകയായിരുന്നു.  തുടർച്ചയായ ചാറ്റിങ്ങിലൂടെ പ്രണയംനടിച്ച് വശത്താക്കി. പിന്നീട‌് കുട്ടിയുടെ ചിത്രങ്ങൾ ആവശ്യപ്പെട്ടു. പലതവണ ഭീഷണി ഉണ്ടായപ്പോൾ ചില ചിത്രങ്ങൾ കുട്ടി അയച്ചുകൊടുത്തു. ഇയാളുടെ ശല്യംമൂലം പ്രൊഫൈൽ ബ്ലോക്ക് ചെയ്തങ്കിലും മറ്റു പല പ്രൊഫൈലുകളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചു. ഇതിനിടെ  ചിത്രങ്ങൾ ആവശ്യപ്പെട്ടും നൽകിയില്ലെങ്കിൽ കൈവശമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയും കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക‌് സന്ദേശം എത്തിയതോടെയാണ‌് വീട്ടുകാർ വിവരം അറിഞ്ഞത‌്. തുടർന്ന‌് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സന്ദേശം വന്നത് പാലക്കാട് സ്വദേശി പ്രദീപ് എന്നയാളുടെ നമ്പറിൽനിന്നാണെന്ന് കണ്ടെത്തി. ഇയാളെ ചോദ്യംചെയ്തപ്പോൾ സംഭവവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. മാത്രമല്ല മുമ്പ‌് വീഡിയോ ചാറ്റിങ്ങിനിടയിൽ പെൺകുട്ടി ഷാനവാസിന്റെ സ്ക്രീൻ ഷോട്ട് എടുത്തതും പ്രദീപല്ല പ്രതിയെന്ന് തിരിച്ചറിയാൻ സഹായമായി. പ്രദീപ്   സിംകാർഡ് വാങ്ങാൻ അജികുമാറിന്റെ മൊബൈൽ കടയിൽ നൽകിയ തിരിച്ചറിയൽ കാർഡും, വിരലടയാളവും ഉപയോഗിച്ച് ഷാനവാസും അജികുമാറും ചേർന്ന് പ്രദീപിന്റെ പേരിൽ രണ്ട് സിംകാർഡുകൾ എടുത്തിരുന്നു. ഇതാണ‌് സ‌്ത്രീകളെ വശത്താക്കാൻ  ഉപയോഗിച്ചിരുന്നത്. ഷാനവാസ് പല പേരുകളിൽ പ്രൊഫൈലുകൾ ഉണ്ടാക്കി പെൺകുട്ടിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ കൈയിൽനിന്ന് ഒട്ടേറെ സ്ത്രീകളുടെ ഫോൺ നമ്പറുകൾ പൊലീസ് കണ്ടെത്തി. ഷാനവാസ് അവിവാഹിതനാണ്. അജികുമാറിന് ഭാര്യയും മക്കളുമുണ്ട്. പോക്സോ, ഐടി നിയമങ്ങൾപ്രകാരം കേസെടുത്തു. ഇരുവരെയും കോടതി റിമാൻഡ‌് ചെയ്തു. വടക്കേക്കര സിഐ എ എ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. Read on deshabhimani.com

Related News