എംജിയിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം
കോട്ടയം > എംജി സർവകലാശാലയുടെ കീഴിൽ നടന്ന കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം. സർവകലാശാലയുടെ കീഴിലുള്ള 144 കോളേജുകളിൽ തെരെഞ്ഞെടുപ്പ് നടന്ന 135 ൽ അധികം കോളേജിൽ എസ്എഫ്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇതിൽ 60 ലധികം കോളേജിൽ എതിരില്ലാതെയാണ് എസ്എഫ്ഐ വിജയിച്ചത്. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ പശ്ചാത്തലത്തിൽ വർഗീയതക്കെതിരെയുള്ള കാമ്പയിൻ എസ്എഫ്ഐ ഏറ്റെടുത്തിരുന്നു. കോട്ടയം ജില്ലയിൽ തെരെഞ്ഞെടുപ്പ് നടന്ന 42 കോളേജിൽ 41 ലും വിജയിച്ചു. ഇതിൽ 24 ഇടത്ത് എതിരില്ലായിരുന്നു. ജില്ലയിലെ പ്രമുഖ കോളേജുകളായ സിഎംഎസ്, ബസേലിയസ്, നാട്ടകം, ദേവമാതാ കുറവിലങ്ങാട്, ഉഴവൂർ സെന്റ് സ്റ്റീഫൻസ്, സെന്റ് തോമസ് പാലാ, എസ്എംഇ പുതുപ്പള്ളി, എസ്എംഇ ചെറുവണ്ടൂർ, മാന്നാനം കെഇ, എൻഎസ്എസ് ചങ്ങനാശേരി, എസ്ഡി കാഞ്ഞിരപ്പള്ളി, ഡിബി തലയോലപ്പറമ്പ്, കൊതവറ വൈക്കം എന്നീ കോളേജുകളിലെല്ലാം എസ്എഫ്ഐ തൂത്തുവാരി. എസ്ബി കോളേജിൽ മാത്രമാണ് എസ്എഫ്ഐക്ക് ഭൂരിപക്ഷമില്ലാത്തത്. ഇടുക്കി ജില്ലയിലെ തെരഞ്ഞെടുപ്പ് നടന്ന 30 ഇടത്ത് 28 ഉം എസ്എഫ്ഐ വിജയിച്ചു. ഗവ.കോളേജ് കട്ടപ്പന, തൊടുപുഴ ന്യൂമാൻ, മൂലമറ്റം സെന്റ്. ജോസഫ് എന്നീ കോളേജുകളിൽ വൻ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ വിജയിച്ചത്. പത്തനംതിട്ട ജില്ലയിൽ തെരെഞ്ഞെടുപ്പ് നടന്ന 22 കോളേജുകളിൽ എല്ലായിടത്തും വൻഭൂരിപക്ഷത്തോടെ എസ്എഫ്ഐ വിജയിച്ചു. കാതോലിക്കേറ്റ്, എൻഎസ്എസ് പന്തളം, സെന്റ് തോമസ് കോഴഞ്ചേരി, മർത്തോമ തിരുവല്ല, എൻഎസ്എസ് കോന്നി എന്നിവടങ്ങളിൽ വൻ വിജയം നേടി. എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 49 കോളേജിൽ 45ലും എസ്എഫ്ഐ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അഭിമന്യവിന്റെ മഹാരാജാസ്, തൃക്കാക്കര ഭാരത് മാത, ആലുവ യുസി, പെരുമ്പാവൂർ ജയ് ഭാരത്, എസ് എൻഎം മാല്യങ്കര, കാലടി ശ്രീ ശങ്കര, ഇടക്കൊച്ചി അക്വിനാസ്, തൃപ്പൂണിത്തുറ ഗവ. കോളേജ്, അങ്കമാലി സെന്റ് ആൻസ്, മാറമ്പളളി എംഇഎസ്, വൈപ്പിൻ കോളേജ്, സിയെന്ന കോളേജ് എന്നിവിടങ്ങളിലെല്ലാം എസ്എഫ്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. എസ്എഫ്ഐക്ക് എംജിയിൽ ഉജ്വലവിജയം സമ്മാനിച്ച വിദ്യാർഥികളെ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷും സെക്രട്ടറി കെ എം സച്ചിനും അഭിവാദ്യം ചെയ്തു. കോട്ടയം നഗരത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും നടന്നു. Read on deshabhimani.com