വി ആർ ബി: ജീവിതം പാർടിക്ക് സമർപ്പിച്ച വിപ്ലവകാരി‐കോടിയേരിചങ്ങനാശേരി സ്വന്തം ജീവിതമാകെ പാർടിക്കു സമർപ്പിച്ച ധീരവിപ്ലവകാരിയായിരുന്നു വി ആർ ഭാസ്കരനെന്നും അപരിഹാര്യമായ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നേരിട്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വി ആർ ബിയുടെ സംസ്കാര ശേഷം പെരുന്ന ബസ് സ്റ്റാൻഡ‌് പരിസരത്ത്  ചേർന്ന അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരകാലത്ത് പൊതുരംഗത്തേക്ക് കടന്നുവന്ന് ജനകീയത കൈവരിച്ചാണ് വി ആർ ബി പിൽക്കാലത്ത് കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിന്റെ പ്രധാന നേതൃനിരയിൽ എത്തിയത്. നിസ്വാർഥമായ പ്രവർത്തനത്തിലൂടെ അദ്ദേഹം ജനഹൃദയങ്ങളിൽ ഇടം ഉറപ്പിച്ചു. കുടുംബജീവിതം പോലും വേണ്ടെന്നുവച്ച് പാർടി ഓഫീസ് സ്വന്തം വീടാക്കി മുഴുവൻസമയ പ്രവർത്തനത്തിൽ മുഴുകി. വിദ്യാർഥിപ്രവർത്തകരുമായി അടുത്തിടപെട്ട് മികച്ച യുവജനനേതൃനിരയെ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ശ്രമകരമായിരുന്ന മേഖലകളിൽ തൊഴിലാളികളെ സംഘടിപ്പിച്ച അദ്ദേഹം തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ അവിസ്മരണീയ ഏടുകൾ എഴുതിച്ചേർത്തു. സംസ്ഥാന കമ്മിറ്റിയംഗം എന്ന നിലയിൽ അർപ്പണബോധത്തോടെയായിരുന്നു പ്രവർത്തനം. നയപരമായ വ്യതിയാനങ്ങൾ ഉയർന്നുവരുന്ന സന്ദർഭത്തിലെല്ലാം അതിനെതിരെ ധീരനിലപാട് സ്വീകരിച്ച് പാർടിയെ ശരിയായ പാതയിലേക്ക് നയിക്കാൻ എക്കാലത്തും അദ്ദേഹം മുന്നണിപ്പോരാളിയായി നിലകൊണ്ടു. വി ആർ ബി പാർടിക്ക് നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും കോടിയേരി അനുസ്മരിച്ചു.  Read on deshabhimani.com

Related News