ജനറൽ ആശുപത്രിയിലെ ഭക്ഷണവിതരണത്തിന‌് യൂസഫലി 1 കോടി രൂപ നൽകും



കൊച്ചി എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യഭക്ഷണം നൽകുന്ന ഊട്ടുപുര പദ്ധതിക്ക‌്  പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ സഹായഹസ‌്തം. പദ്ധതിക്കായി ഒരുകോടി രൂപ ബുധനാഴ‌്ച പകൽ 11ന് ആശുപത്രി അങ്കണത്തിൽ ചേരുന്ന യോഗത്തിൽ  കലക്ടർ കെ മുഹമ്മദ് വൈ സഫിറുള്ള ഏറ്റുവാങ്ങും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവിന്റെ അഭ്യർഥനയെത്തുടർന്നാണ‌് യൂസഫലി പണം നൽകുന്നത‌്. ആറുവർഷം മുമ്പ് പി രാജീവ് പാർലമെന്റ് അംഗമായിരിക്കെയാണ് ഊട്ടുപുര പദ്ധതി തുടങ്ങിയത്. ഒരുദിവസത്തെ ഭക്ഷണത്തിന്  50,000 രൂപ ചെലവു വരുന്നുണ്ട്. ഊട്ടുപുരയ്ക്കുള്ള ധനസമാഹരണാർഥം  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചി ശാഖ  സംഘടിപ്പിക്കുന്ന ഹരിതം ജീവനം സംഗീത സന്ധ്യയോടനുബന്ധിച്ചാണ‌് രാജീവ‌്   യൂസഫലിയെ സമീപിച്ചത‌്. തുടക്കംമുതൽ ഒരുദിവസംപോലും മുടങ്ങാത്ത ഊട്ടുപുര പദ്ധതിക്കുള്ള ധനസമാഹരണം വിവിധ വ്യക്തികളുടെ സ്‌പോൺസർഷിപ്പിലൂടെയും, ഐഎംഎപോലുള്ള സംഘടനകളുടെ സഹകരണത്തോടെയുമാണ് നടക്കുന്നത്. ആദ്യമായാണ് ഇത്രയും വലിയ തുക ഊട്ടുപുര പദ്ധതിക്ക‌് സംഭാവന ലഭിക്കുന്നത്. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ അനിത, ഐഎംഎ  പ്രസിഡന്റ് ഡോ. വർഗീസ് ചെറിയാൻ, സെക്രട്ടറി ഹനീഷ് മീരാസ, ഡോ. എം ഐ ജുനൈദ് റഹ്മാൻ, ആർഎംഒ ഡോ. സിറിയക് പി ജോയ് തുടങ്ങിയവർ പങ്കെടുക്കും. Read on deshabhimani.com

Related News