റഫേല്‍: ഉത്തരവാദി മോഡി; വെളിപ്പെടുത്തലുമായി യശ്വന്ത് സിൻഹയും അരുൺ ഷൂരിയുംന്യൂഡൽഹി > റഫേൽ വിമാന അഴിമതി ഇടപാടിന്റെ പൂർണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കാണെന്ന് ബിജെപി നേതാക്കളായിരുന്ന മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിൻഹയും അരുൺ ഷൂരിയും. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും കേന്ദ്രസർക്കാരും ഇപ്പോൾ മോഡിയെ സംരക്ഷിക്കാൻ നുണപ്രചാരണം നടത്തുകയാണെന്നും സുപ്രീംകോടതി അഭിഭാഷൻ പ്രശാന്ത് ഭൂഷണിനൊപ്പം പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. പൊതുമേഖലാസ്ഥാപനമായ എച്ച്എഎല്ലിനെ തഴഞ്ഞ് റിലയൻസ് ഡിഫൻസിനെ റഫേൽ ഇടപാടിലെ ഇന്ത്യൻ പങ്കാളിയാക്കിയത് അനിൽ അംബാനി മോഡിക്ക് നൽകുന്ന 'സേവന'ങ്ങളുടെ പ്രതിഫലമാണ്. അഴിമതി ഇടപാടിലൂടെ പ്രധാനമന്ത്രി ദേശീയസുരക്ഷ കാറ്റിൽ പറത്തി. പ്രതിരോധ ഉപകരണങ്ങളുടെ സംഭരണ ചട്ടങ്ങൾ പൂർണമായി ലംഘിച്ചാണ് വിമാനങ്ങളുടെ എണ്ണം 126ൽ നിന്ന‌് 36 ആക്കിയത്. യുദ്ധവിമാന നിർമാണത്തിൽ മുൻപരിചയമില്ലാത്ത റിലയൻസിനെ ഉൾപ്പെടുത്തുകവഴി കമീഷൻ തട്ടാനുള്ള ഇടനിലക്കാർ മാത്രമാണ് അവരെന്ന് വെളിപ്പെട്ടു. റഫേൽ നിർമാതാക്കളായ ദസോൾട്ടും റിലയൻസുമായുള്ള ഇടപാടിൽ തങ്ങൾക്ക് പങ്കില്ലെന്ന കേന്ദ്രസർക്കാർ വാദം കളവാണ്. 90000 കോടി രൂപയ്ക്ക് 126 റഫേൽ വിമാനം വാങ്ങാനും ഇതിൽ 108 എണ്ണം എച്ച്എഎല്ലുമായി ചേർന്ന് ഇന്ത്യയിൽ നിർമിക്കാനുമായിരുന്നു ആദ്യ കരാറിലെ വ്യവസ്ഥ. 2015 ഏപ്രിലിൽ മോഡി നടത്തിയ ഫ്രഞ്ച് സന്ദർശനത്തിനിടെ പഴയ കരാർ അട്ടിമറിച്ച് 60000 കോടി രൂപയ്ക്ക് 36 വിമാനം വാങ്ങാൻ പുതിയ കരാർ പ്രഖ്യാപിച്ചു.  പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ പ്രതിരോധമന്ത്രിക്കോ, വ്യോമസേനാ തലവനോ, ഫ്രഞ്ച് പ്രസിഡന്റിന് പോലുമോ ഇതേകുറിച്ച് അറിവുണ്ടായില്ല. മോഡിയെ പാരീസിലേക്ക് അനുഗമിച്ച അനിൽ അംബാനി മാത്രമാണ് കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞത്. അതുകൊണ്ടുതന്നെ കരാറിന് തൊട്ടുമുമ്പായി റിലയൻസ് ഡിഫൻസ് എന്ന സ്ഥാപനത്തിന് രൂപം നൽകി. 2008 ലെ പ്രതിരോധ സംഭരണ നയപ്രകാരം അതത് സേനാ ആസ്ഥാനങ്ങളിൽനിന്നാണ് പ്രതിരോധ ആവശ്യകതകൾ സംബന്ധിച്ച നിർദേശങ്ങൾ പോകേണ്ടത്. ഇതിനായി പ്രത്യേക നടപടിക്രമങ്ങളുണ്ട്. എന്നാൽ, മോഡി ഇതൊന്നും പാലിച്ചില്ല. വ്യോമസേന അറിയാതെ വിമാനങ്ങളുടെ എണ്ണം കുറച്ചത് ഗുരുതര കുറ്റമാണ്. 60000 കോടിക്ക് 36 വിമാനമെന്നനിലയിൽ കരാർ മാറിയതോടെ ഒരു വിമാനത്തിന്റെ ചെലവ് പഴയ കരാറിലെ 715 കോടിയിൽനിന്ന‌് 1660 കോടിയായി ഉയർന്നു. പഴയ കരാർ പ്രകാരം 2017 മുതൽ ഇന്ത്യക്ക് വിമാനങ്ങൾ ലഭിച്ചുതുടങ്ങുമായിരുന്നു. എച്ച്എഎല്ലുമായി ചേർന്ന് തദ്ദേശീയമായി വിമാനങ്ങളുടെ നിർമാണവും ആരംഭിച്ചേനെ. എന്നാൽ, പുതിയ കരാർ പ്രകാരം 2019 അവസാനത്തോടെമാത്രമേ ആദ്യവിമാനം ലഭിക്കൂ. 36 വിമാനങ്ങൾ പൂർണമായി ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കണമെന്നും സിൻഹയും ഷൂരിയും ഭൂഷണും ചൂണ്ടിക്കാട്ടി.   Read on deshabhimani.com

Related News