വീടുകളിലെ നഷ്ടം: വിവരശേഖരണം തുടങ്ങികൊച്ചി പ്രളയത്തിൽ ജില്ലയിലെ വീടുകളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. നെടുമ്പാശേരി പഞ്ചായത്തിലാണ‌് കണക്കെടുപ്പിന‌് തുടക്കമായത‌്. കേരള ഐടി മിഷന്റെ നേതൃത്വത്തിൽ മൂക്കന്നൂർ ഫിസാറ്റ് എൻജിനിയറിങ‌് കോളജിലെ വിദ്യാർഥികളാണ് നെടുമ്പാശേരി പഞ്ചായത്തിൽ വിവരശേഖരണം നടത്തുന്നത്. വീടുകളിൽ നേരിട്ടെത്തിയാണിത‌്. റീ ബിൽഡ് കേരള എന്ന മൊബൈൽ ആപ്ലിക്കേഷനിൽ വിവരങ്ങൾ അപ‌്‌ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. ഗൃഹനാഥന്റെ പേര്, വിലാസം, വാർഡ് നമ്പർ, വീട്ടുനമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഉൾപ്പെടുന്ന വിഭാഗം തുടങ്ങി വ്യക്തിഗത വിവരങ്ങളോടൊപ്പം നാശനഷ്ടങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തും. വീടുകൾക്കും സ്വത്തുകൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ പടങ്ങളും അപ് ലോഡ് ചെയ്യും. മൂന്ന് വിഭാഗങ്ങളായി  തിരിച്ചാണ് നാശനഷ്ടങ്ങൾ കണക്കാക്കുന്നത്. വീട് വാസയോഗ്യമല്ലാത്തത്, വീടും ഭൂമിയും പൂർണമായും നഷ്ടപ്പെട്ടത്, വീടിന് ഭാഗികമായി തകരാറ് സംഭവിച്ചത് എന്നിങ്ങനെയാണ് ഓരോ വിഭാഗവും. ഭാഗികമായി തകരാറ് സംഭവിച്ചത് വീണ്ടും എട്ട് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. നെടുമ്പാശേരി പഞ്ചായത്തിൽ 18 വാർഡുകളിലാണ് പ്രളയം ദുരിതം വിതച്ചത്. പഞ്ചായത്തിലെ വാർഡ് 19ൽ ചൂണ്ടാംതുരുത്ത് ഷിബുവിന്റെ വീട്ടിൽനിന്നും കണക്കെടുപ്പുകൾ ആരംഭിച്ചു. പ്രളയത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട വ്യക്തിയാണ് ഷിബു. വാർഡ് 19ൽ 12 പേരാണ് കണക്കെടുപ്പിന് എത്തിയിട്ടുള്ളത്. ഒരാൾ 15 മുതൽ 20 വരെ വീടുകളുടെ കണക്കെടുക്കും. ആകെ  232 പേരാണ് കണക്കെടുപ്പിൽ പങ്കെടുക്കുന്നത‌്. ഇൻഫർമേഷൻ കേരള മിഷനാണ് റീ ബിൽഡ് കേരള ആപ് രൂപകൽപന ചെയ്തത്.  ഒരു ദിവസത്തെ പ്രത്യേക പരിശീലനം നൽകിയാണ് വിദ്യാർഥികളെ കണക്കെടുപ്പിന് അയക്കുന്നത്.  നെടുമ്പാശേരി പഞ്ചായത്തിൽ 70 ശതമാനം വിവരശേഖരണം പൂർത്തിയായി. Read on deshabhimani.com

Related News