ഹർത്താൽ വേണ്ടെന്നുവച്ചവർ കടകൾ തല്ലിത്തകർത്തുമൂവാറ്റുപുഴ വാഴക്കുളത്ത് പൈനാപ്പിൾ സിറ്റിയിൽ ഹർത്താൽ വേണ്ടെന്ന്  തീരുമാനമെടുത്തവർ തന്നെ ഹർത്താലിൽ പങ്കെടുത്ത് കടകൾ അടപ്പിച്ച‌് സംഘർഷമുണ്ടാക്കി. മൂന്ന് സ്ഥാപനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തി. മനാസ് ബൈക്ക് ഷോറൂം, ശ്രീനന്ദന ടൂൾസ് , ഒരു ബേക്കറി എന്നിവയാണ‌് തകർത്തത്. കോൺഗ്രസ് നേതാക്കളായ വാഴക്കുളത്തെ ഒരു സംഘം പൈനാപ്പിൾ വ്യാപാരികളും ചില സ്ഥാപന ഉടമകളുമാണ് വാഴക്കുളത്ത് ഹർത്താൽ വേണ്ടെന്ന് തീരുമാനിച്ചത്. നവ മാധ്യമ കൂട്ടായ്മയുടെ പേരിൽ മുമ്പ് നടത്തിയ ഹർത്താലിൽ വാഴക്കുളത്ത് ബലംപ്രയോഗിച്ച് കടകളടപ്പിച്ചത് സംഘർഷത്തിലെത്തിയിരുന്നു. ഇതേ തുടർന്നാണ് വാഴക്കുളം പൈനാപ്പിൾ സിറ്റിയിൽ ഹർത്താൽ നിരോധനം നടപ്പാക്കാൻ മർച്ചന്റ് അസോസിയേഷൻ, പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ, മഞ്ഞള്ളൂർ പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് തീരുമാനിച്ചത്. ഇതിനുവേണ്ടി ചേർന്ന സർവകക്ഷി യോഗത്തിൽനിന്ന് ഹർത്താൽ അനുകൂല നിലപാട് അറിയിച്ച് സിപി‌ഐ എം നേതാക്കൾ ഇറങ്ങിപ്പോന്നു. കോൺഗ്രസും  ബിജെപിയുമെല്ലാം ചേർന്നെടുത്ത തീരുമാനത്തിൽ നിന്നാണ് കോൺഗ്രസ് നേതാക്കൾക്കും പഞ്ചായത്ത് പ്രസിഡന്റിനും വിട്ടുനിൽക്കേണ്ടിവന്നത്. ഹർത്താലിൽ രാവിലെ 9 മുതൽ 11 വരെ മാത്രം കടകളടച്ചാൽ മതിയെന്നായിരുന്നു ഹർത്താൽ വിരോധികളുടെ തീരുമാനം. എന്നാൽ കട തുറന്നിരുന്നവരെ പന്ത്രണ്ടോടെ ബലം പ്രയോഗിച്ച് അടപ്പിച്ചു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. കട തുറന്നിരിക്കാമെന്ന് തീരുമാനമെടുത്തവർ തന്നെ കടയടപ്പിക്കാനെത്തിയതിൽ പലർക്കും അമർഷമുണ്ട്. ചില നേതാക്കൾ പൈനാപ്പിൾ വ്യാപാരി സ്നേഹവും കോൺഗ്രസ‌് നിലപാടും ഒന്നിച്ച് നടപ്പാക്കാനെത്തിയതാണ് വ്യാപാരികളെ വലച്ചത്. Read on deshabhimani.com

Related News