ശുചിമുറിമാലിന്യം റോഡിൽ തള്ളിയവർക്കെതിരെ നടപടി കർശനമാക്കുംവൈപ്പിൻ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിനുമുന്നിൽ സംസ്ഥാനപാതയോടുചേർന്ന് ഓടയിലും പൊതുതോട്ടിലുമായി ശുചിമുറിമാലിന്യം തള്ളിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആരംഭിച്ചു. പ്രൈമർ പെയിന്റടിച്ച വലിയ ടാങ്കർലോറിയിൽ കൊണ്ടുവന്ന മാലിന്യം അർധരാത്രിക്കുശേഷം പ്രദേശത്ത് തള്ളിയവർ സമീപത്തെ വീട്ടുകാർ ഉണർന്നെത്തിയതോടെ വാഹനവുമായി രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ മുനമ്പം പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി ജി ആന്റണിയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പുദ്യോഗസ്ഥർ ഫിനോയിൽ, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ ഉപയോഗിച്ച് ക്ലീനിങ് നടത്തി. വാഹനം പിടിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുനമ്പം പൊലീസിന് പരാതി നൽകി. റിപ്പോർട്ട് കലക്ടറുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണസെല്ലിന് കൈമാറിയതിനെത്തുടർന്ന് ജില്ലാ ഹെൽത്ത് ഓഫീസർ (റൂറൽ) പി എൻ ശ്രീനിവാസൻ തുടർനടപടികൾ ആരംഭിച്ചു. സംഭവസ്ഥലത്തും ചെറായിയിലും മാണിബസാറിലുമുള്ള സിസി ടിവി ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കൈമാറുന്നതനുസരിച്ച് നടപടികൾ കർശനമാക്കും.   Read on deshabhimani.com

Related News