പമ്പ: വൈദ്യുതി വിതരണം 12 നകം സജ്ജമാകുംപമ്പയിലും സന്നിധാനത്തും വൈദ്യുതി ബന്ധം 12 ന് മുമ്പ് പുനഃസ്ഥാപിക്കുമെന്നും വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാസപൂജയ‌്ക്ക‌് മുമ്പായി പൂർണ സജ്ജമാകുമെന്നും മന്ത്രി എം എം മണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വിവിധ വൈദ്യുത പദ്ധതികളും പമ്പയിലെ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങളും നേരിട്ട് സന്ദർശിച്ചശേഷം പമ്പയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുമളി വരെയുള്ള വനമേഖലയിൽ ഭീകരമായ ഉരുൾപൊട്ടലാണ് ഉണ്ടായത്്. ഗതാഗത തടസ്സം കാരണം ചില പദ്ധതി പ്രദേശത്ത് എത്താനായില്ല. പമ്പയിൽ വൈദ്യുത പോസ്റ്റുകളും ഹൈമാസ്റ്റ്ലൈറ്റുകളും ഉൾപ്പെടെ എല്ലാം തകർന്നു. അത്യാവശ്യ സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. മറ്റുസ്ഥലങ്ങളിൽ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പമ്പയുടെ ഗതിമാറിയ സാഹചര്യത്തിൽ നേരത്തെ ഉണ്ടായിരുന്ന  വൈദ്യുതി വിതരണ ശൃംഖലകൾ പുനഃക്രമീകരിക്കണം. പമ്പയിലും സന്നിധാനത്തുമായി 38 ട്രാൻസ്ഫോർമറുകൾ പ്രവർത്തനസജ്ജമാക്കി. തീർഥാടനം തുടങ്ങും മുമ്പ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. മണ്ണും കല്ലും തടിയും വീണ‌് കെട്ടിടങ്ങൾക്കും മറ്റും വലിയ തകരാറുകൾ ഉണ്ടായി. മണ്ണ് മാറ്റാൻ ടാറ്റ കമ്പനിയെ ഏൽപ്പിച്ചു. ഏതായാലും പഴയ രൂപത്തിലുള്ള പമ്പ ആയിരിക്കില്ല ഇനി ഉണ്ടാകുക. അല്ലാതെയുള്ള വികസനങ്ങളായിരിക്കും നടപ്പാക്കുക. പ്രളയം കാരണം ഒമ്പത് പവർ സ്റ്റേഷനുകളിൽ ഉൽപാദനം നടക്കുന്നില്ല. ഇതിനാൽ 350 മെഗാവാട്ടിന്റെ ഉൽപ്പാദന കുറവുണ്ട്. പത്തനംതിട്ടയിൽ ഈയിടെ ഉദ്ഘാടനം ചെയ്ത പെരുന്തേനരുവി ഉൾപ്പെടെ പെരുനാട്, മണിയാർ, അള്ളുങ്കൽ, കക്കാട് എന്നീ പദ്ധതികളിൽ പ്രളയജലം കയറി തകരാർ സംഭവിച്ചു. കേന്ദ്ര വിഹിതമായി കിട്ടിയിരുന്ന 1400 മെഗാ വാട്ടിൽ ഇപ്പോൾ 800 മെഗാവാട്ട് മാത്രമേ ലഭിക്കുന്നുള്ളൂ. കൽക്കരിയുടെ ക്ഷാമവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മഴയുമാണ് കാരണം. അതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വന്നേക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം രാജു എബ്രഹാം എംഎൽഎ, കെഎസ്ഇബി ഡയറക്ടർ വേണുഗോപാൽ, ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജിനിയർ മോഹനനാഥ പണിക്കർ, ബോർഡിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായി. Read on deshabhimani.com

Related News