അഭിമന്യുവിന്റെ സ്ഥാനത്ത‌് ഇനി അർജുൻ

മഹാരാജാസ്‌ കോളേജിൽ ക്യാമ്പസ്‌ ഫ്രണ്ട്‌‐എസ്‌ഡിപിഐ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്റെ പിതാവിനെ, അഭിമന്യുവിനൊപ്പം കുത്തേറ്റ്‌ ചികിത്സയിൽ കഴിയുന്ന അർജുന്റെ അച്‌ഛൻ സന്ദർശിച്ചപ്പോൾ


വട്ടവട പൊന്നുമകന്റെ വേർപാടിൽ  ഉമിത്തീപോലെ നീറുന്ന അഭിമന്യുവിന്റെ പിതാവ‌്  മനോഹരനെ ആശ്വസിപ്പിക്കാൻ അക്രമികളുടെ കഠാരക്കുത്തേറ്റ‌് ഗുരുതരമായി ആശുപത്രിയിൽ കഴിയുന്ന അർജുന്റെ അച്ഛൻ എം ആർ മനോജെത്തി. ഞായറാഴ‌്ച പകൽ 11. 30 ഓടെ അഭിമന്യു‌വിന്റെ വീട്ടിലെത്തി പരസ‌്പരം കണ്ടുമുട്ടിയപ്പോൾ ‌വാക്കുകളൊന്നും പുറത്തെടുക്കാനാ‌വാതെ പൊട്ടിക്കരയുകയായിരുന്നു. ഏതാനും മിനിറ്റുകൾ നിശബ്ദമായി. അതിനുശേഷം മനോഹരൻ ഇടറിയ ശബ‌്ദത്തിൽ ആശുപത്രിയിൽ കഴിയുന്ന അർജുന്റെ ആരോഗ്യസ്ഥിതി ചോദിച്ചു. അഭിമന്യു മരിച്ചിട്ടില്ലെന്നും അഭിമന്യുവിന്റെ സ്ഥാനത്ത‌് ഇനി അർജുൻ ഉണ്ടാകുമെന്നും മനോജ‌് പറഞ്ഞു. കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിനു വേണ്ടിയാണ‌് നമ്മുടെ മക്കൾ പ്ര‌വർത്തിച്ചത‌്. അ‌വർ ചെയ‌്തതാണ‌് ശരി. കലാലയങ്ങൾ പഠിക്കാൻ വേണ്ടി മാത്രമുള്ളതല്ലെന്നും സർഗാത്മകതയുടെ ഇടമാണെന്നും അർജുനെ തുടർന്നും മഹാരാജാസ‌് കോളേജിൽ തന്നെ പഠിപ്പിക്കുമെന്നും അധ്യാപകൻ കൂടിയായ മനോജ‌് പറഞ്ഞപ്പോൾ അഭിമന്യു‌വിന്റെ അമ്മ ഭൂപതി ‌വിങ്ങിപ്പൊട്ടി. അർജുൻ ആശുപത്രി ‌വിട്ടാൽ ആദ്യം കൂട്ടിക്കൊണ്ടു വരുന്നത‌്  വട്ടവടയിലേക്ക‌ാണെന്നും അർജുൻ നിങ്ങളുടെ കൂടി മകനാണെന്നും  മനോജ‌്  പറഞ്ഞു. അഭിമന്യുവിന്റെ  തകരപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന പുസ‌്തകങ്ങളും കുറിപ്പുകളും എടുത്ത‌് നോക്കി. പിന്നീട‌് അഭിമന്യുവിനെ സംസ‌്കരിച്ച പൊതുശ‌്മശാനത്തിൽ അൽപനേരം  നിന്നു. അഭിമന്യുവിന്റെ പ്രിയസഖാവിന്റെ പിതാവെത്തുന്നതറിഞ്ഞ‌് ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ ‌വൻ ജനാ‌ലി അവിടെ കൂടിയിരുന്നു. അർജുനെ വട്ടവട നി‌വാസികൾക്ക‌് മുൻപരിചയമുണ്ട‌്. രണ്ടുമാസം മുമ്പ‌് അഭിമന്യു‌വിന്റെ സഹോദരി കൗസല്യയുടെ  വിവാഹനിശ്ചയത്തിന‌്  വട്ട‌വടയിൽ വന്നിരുന്നു. ഒറ്റമുറി ‌വീട്ടിൽ കിടക്കാൻ ഇടമില്ലാത്തതിനാൽ മറ്റൊരു ബന്ധു‌വിന്റെ ‌വീട്ടിലാണ‌് അർജുനെ താമസിപ്പിച്ചത‌്. അന്ന‌് അ‌വിടെ കൂടിയ‌വരോട‌് സ്വന്തം കൂടപ്പിറപ്പാണെന്ന‌് അഭിമന്യു അർജുനെ പരിചയപ്പെടുത്തി. ഈ സംഭ‌വം അർജുൻ പിതാ‌‌വ‌് മനോജിനോട‌് പറഞ്ഞിരുന്നു. ഉത്തർപ്രദേശിൽ ജയ‌്പുരിയ സ‌്കൂളിലെ അധ്യാപകനായ മനോജ‌് കഴിഞ്ഞ ദി‌വസമാണ‌് ആശുപത്രിയിലെത്തിയത‌്. ഉടൻ അഭിമന്യു‌വിന്റെ ‌വീട്ടിലേക്ക‌് വരികയായിരുന്നു. അഭിമന്യു‌വിനൊപ്പം കുത്തേറ്റ‌് ആശുപത്രിയിൽ കഴിയുന്ന അർജുൻ ബോധം വന്നപ്പോൾ അഭിമന്യുവിന്റെ കാര്യമാണ‌് ആദ്യം അന്വേഷിച്ചത‌്. മഹാരാജാസ‌് കോളേജിലെത്തി പരിചയപ്പെട്ട നാൾ മുതൽ ഇരു‌വരും വേർപിരിയാത്ത സുഹൃത്തുക്കളായിരുന്നു. Read on deshabhimani.com

Related News