പൊലീസ‌് ട്രോൾ കിടുവേ...കൊച്ചി ‘ഈ പൊലീസുകാർ നമ്മട കഞ്ഞിയിൽ പാറ്റയിട്വോ...?' പൊലീസുകാരുടെ ട്രോളടി സമൂഹമാധ്യമങ്ങളിൽ ഹിറ്റായതോടെ പ്രൊഫഷണൽ ട്രോളന്മാരുടെ ചങ്കിടിപ്പേറുകയാണ്. സമൂഹമാധ്യമങ്ങളിൽ വാഴുന്ന ട്രോളന്മാരെ വെല്ലുന്ന ട്രോളടി തുടങ്ങിയതോടെ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ആരാധകരുടെ തിക്കും തിരക്കുമാണ്.  മുന്നറിയിപ്പുകളും നിർദേശങ്ങളും താക്കീതുകളുമാണ് പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ട്രോളാക്കുന്നത്. പൊലീസിന്റെ മുഖം ജനകീയമാക്കാൻ ട്രോളടികൊണ്ടു സാധിച്ചുവെന്ന് തെളിയിക്കുന്നതാണ് പേജിലെ കമന്റുകൾ. ഈ കമന്റുകൾക്ക് പൊലീസ് നൽകുന്ന  മറുപടിക്കും ആരാധകരേറെ. നിർദേശങ്ങളും മുന്നറിയിപ്പുകളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് അതിവേഗമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസ് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറന്നത്. എന്നാൽ, കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ അക്കൗണ്ടുകൾക്ക് കഴിഞ്ഞിരുന്നില്ല. രണ്ടുമാസംമുമ്പ‌് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അഞ്ചുപൊലീസുകാരുൾപ്പെട്ട സോഷ്യൽ മീഡിയ വിങ് രൂപീകരിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ പൊലീസിന്റെ സാന്നിധ്യം ജനമറിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ഇടപെടാൻ താൽപ്പര്യമുള്ള 43 പൊലീസുകാരാണ‌് സോഷ്യൽ മീഡിയ വിങ്ങിലേക്കുള്ള നിയമനത്തിന് പരീക്ഷയെഴുതിയത്. ഇതിൽനിന്ന‌് അഞ്ചുപേർമാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിങ് നിലവിൽവന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ പൊലീസിന്റെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഗൗരവമുള്ള പോസ്റ്റുകളായതിനാൽ അവയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. ഗൗരവസ്വഭാവത്തിലുള്ള വീഡിയോകളും പോസ്റ്റുകളും മാറി മാറി പോസ്റ്റ്ചെയ്തു. എന്നിട്ടും ഉദ്ദേശിച്ച ഫലം കിട്ടാതായതോടെയാണ് തമാശരൂപത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചാലോയെന്ന ചിന്തയെത്തിയത്. അങ്ങനെയാണ് പൊലീസ് ട്രോളടി തുടങ്ങിയത‌്. മൊബൈൽഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാൽ കേസെടുക്കില്ലെന്ന ഹൈക്കോടതിവിധിയെ ദുരുപയോഗപ്പെടുത്താതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്ആദ്യട്രോൾ പുറത്തിറങ്ങിയത്.  അത് ഹിറ്റായി. അതോടെ പേജ് ഉഷാറായി. ലൈക്കടിയും ഷെയറടിയും കുത്തനെ കൂടി. കമന്റിന് ട്രോൾ ടച്ചുള്ള മറുപടികൂടിയായപ്പോൾ കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ തിക്കുംതിരക്കുമായി. ബൊളീവിയൻ ഫോൺകോൾ മുന്നറിയിപ്പും ഓൺലൈൻ തട്ടിപ്പും മോഷണവുംവരെ പൊലീസ് ട്രോളാക്കി. ‘ആഭരണമോഷ്ടാക്കൾക്ക് വമ്പിച്ച ഓഫർ' എന്ന പരസ്യരൂപേണയുള്ള ട്രോളിന് പതിനായിരക്കണക്കിന് ലൈക്കും ആയിരക്കണക്കിന് ഷെയറുമാണ് ലഭിച്ചത്. നിങ്ങൾക്കായി ഞങ്ങൾ കൈവളകൾ (വിലങ്ങ്) സമ്മാനമായി നൽകുന്നു എന്ന വാചകത്തോടൊപ്പം ‘നിങ്ങൾ എടുക്കുന്നു... ഞങ്ങൾ തരുന്നു’ എന്നുകൂടിയായപ്പോൾ അതും ജനം ഏറ്റെടുത്തു.  ട്രോൾവഴി ജനങ്ങളിലേക്ക് അതിവേഗം പൊലീസിന് നിർദേശങ്ങളും മുന്നറിയിപ്പുകളുമെത്തിക്കാൻ കഴിയുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. Read on deshabhimani.com

Related News