ആരോഗ്യരംഗത്ത് അശാസ്ത്രീയ പ്രചാരണം : ഡോ. ബി ഇക്ബാൽതൃശൂർ കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളി അശാസ്ത്രീയ പ്രചാരണങ്ങളും വ്യാജ ചികിത്സയുമാണെന്ന് ആസൂത്രണ കമീഷൻ അംഗം ഡോ. ബി ഇക്ബാൽ പറഞ്ഞു.സംസ്ഥാനത്ത് പതിനായിരം ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിന് മുന്നോടിയായി ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യപ്രവർത്തകർക്കായി സംഘടിപ്പിച്ച സംസ്ഥാന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നിപാ രോഗത്തെ ശാസ്ത്രീയമായി നേരിട്ടതുൾപ്പെടെ നിരവധി മാതൃകകൾ ലോകത്തിന് കാട്ടിക്കൊടുത്ത കേരളത്തിൽ  അശാസ്ത്രീയ ചികിത്സയും അത് മൂലമുള്ള മരണങ്ങളും പെരുകുന്നു എന്നത് വൈരുധ്യമാണ്. ക്യാൻസർ മൂലം മരിക്കുന്നവരിൽ 40ശതമാനം പേരും അശാസ്ത്രീയ ചികിത്സയ്ക്ക് വിധേയരായവരാണ് . രോഗികളുടെ ഭീതിയും നിസ്സഹായാവസ്ഥയും ചൂഷണം ചെയ്യപ്പെടുന്നു.  വ്യക്തിശുചിത്വം താരതമ്യേന മെച്ചമാണെങ്കിലും സാമൂഹിക ശുചിത്വത്തിൽ മലയാളി വളരെ പിന്നിലാണ്. പഴയ പല പകർച്ചവ്യാധികളും  തിരിച്ചുവരുന്നതിനും പുതിയവ പൊട്ടിപ്പുറപ്പെടുന്നതിനും ഇതാണ‌് കാരണം. രണ്ടാം പ്രാഥമികാരോഗ്യ സേവന വിപ്ലവം  എന്ന നിലയിലാണ് കേരള സർക്കാരിന്റെ ആർദ്രം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അത് ഫലപ്രദമായി നടപ്പാക്കാൻ ജനപങ്കാളിത്തം കൂടിയേ തീരൂ. ഈ ദിശയിലാണ് പരിഷത്ത് സംഘടിപ്പിക്കുന്ന ആരോഗ്യ ക്ലാസുകളെ കാണേണ്ടത് എന്നദ്ദേഹം  പറഞ്ഞു. മഴക്കാല രോഗങ്ങൾ, ക്യാൻസർ: അറിയേണ്ടതും തഴയേണ്ടതും, പൊതുജനാരോഗ്യം ജനകീയാരോഗ്യം എന്നീ മൂന്നു വിഷയങ്ങളിലാണ് പൊതുജനങ്ങൾക്ക് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി പരിഷത്ത് ക്ലാസുകൾ സംഘടിപ്പിക്കുക. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ മീരാഭായ് അധ്യക്ഷയായി. ഡോക്ടർമാാരായ  പി അരവിന്ദൻ , കെ വിജയകുമാർ, എസ്എം  സരിൻ ,  ദിവ്യ ബി രഞ്ജിത്,  കെ കെ പുരുഷോത്തമൻ, ഷൈജു ഹമീദ്,  കെ ആർ വാസുദേവൻ, എസ‌് മിഥുൻ, പരിഷത്ത് ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News