ആരോഗ്യമേഖലയ‌്ക്ക‌് 325.5 കോടി അനുവദിക്കണം: മന്ത്രി ശൈലജപ്രളയത്തെതുടർന്ന് സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായ നാശനഷ്ടം നികത്താൻ 325.5 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കണമെന്ന‌് സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മന്ത്രി കെ കെ ശൈലജ ഇതുസംബന്ധിച്ച നിവേദനം കേന്ദ്രമന്ത്രി ജെ പി നഡ്ഡയ്ക്ക്  കൈമാറി. ആരോഗ്യരംഗത്തെ പശ്ചാത്തല സൗകര്യം പലയിടത്തും തകർന്നുപോയെന്നും ആശുപത്രികൾക്കും  ഉപകരണങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ നികത്താൻ കേന്ദ്രസഹായം അത്യാവശ്യമാണെന്നും കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങളോട‌് കേന്ദ്രം അനുഭാവപൂർണമായ സമീപനമാണ‌് സ്വീകരിച്ചത‌്. പകർച്ചവ്യാധികൾ പടരാതിരിക്കാൻ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ  ലോകത്തിന‌് മാതൃകയാണെന്ന‌് കേന്ദ്രം വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു. ഡെങ്കിയുൾപ്പെടെ പടരാൻ സാധ്യതയുള്ളതിനാൽ ക്ലോറിനേഷൻ സംവിധാനം കൂടുതൽ ഫലപ്രദമാക്കണം. കൊതുക‌് നിവാരണം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായി നടത്തേണ്ടതുണ്ട‌്. ഇതിന‌് പൊതുജനങ്ങളുടെ സഹകരണവും മന്ത്രി അഭ്യർഥിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ആരോഗ്യരംഗത്തുണ്ടായ നഷ്ടങ്ങളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട‌് അവതരിപ്പിച്ചു. സംസ്ഥാനസർക്കാരും ആരോഗ്യവകുപ്പ‌് ഉദ്യോഗസ്ഥരും നടത്തിയ കൃത്യമായ ഇടപെടൽ മൂലം ആരോഗ്യരംഗത്തെ വെല്ലുവിളികൾ വൻ തോതിൽ കുറയ്ക്കാൻ കഴിഞ്ഞുവെന്ന്  കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പ്രീതി സുധൻ പറഞ്ഞു. Read on deshabhimani.com

Related News