ഇച്ഛാശക്തിയും മനക്കരുത്തും തുണച്ചു; ജോയി അക്ഷരലക്ഷം പാസായിഅങ്കമാലി ജന്മനാ കാലുകൾക്കു ചലനശേഷിയില്ലാത്ത താബോർ തേലപ്പിള്ളി വീട്ടിൽ പൗലോസിന്റെ മകൻ ജോയി സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തിയ അക്ഷരലക്ഷം സാക്ഷരതാപരീക്ഷ പാസായി. താബോർ ലക്ഷംവീടിന് സമീപം താമസിക്കുന്ന ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ജോയി (58) ലോട്ടറി ടിക്കറ്റ് വിറ്റാണ് കുടുംബം പുലർത്തുന്നത്. ജോയി ഇക്കാലംവരെ സ്‌കൂളിൽ പോയിട്ടില്ലെങ്കിലും അക്ഷരാഭ്യാസം കൂടാതെതന്നെ ജീവിതം പുലർത്താൻ കഴിഞ്ഞത് അംഗപരിമിതിയെ വെല്ലുന്ന മനക്കരുത്തുമൂലമാണ്. സാക്ഷരത തുടർവിദ്യാഭ്യാസകേന്ദ്രങ്ങളുള്ള വാർഡുകളിൽ ജനകീയ സർവേയിലൂടെ കണ്ടെത്തിയ നിരക്ഷരരെ അക്ഷരജ്ഞാനികളാക്കുന്നതാണ് അക്ഷരലക്ഷം പദ്ധതി. മൂക്കന്നൂർ മത്തിക്കാട് തുടർവിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൂക്കന്നൂർ പതിനാലാം വാർഡിൽ നടത്തിയ സർവേയിൽ ജോയി ഉൾപ്പെടെ 39 നിരക്ഷരരെ കണ്ടെത്തി. തുടർന്ന് താബോർ ഹോളി ഫാമിലി ഹൈസ്‌കൂളിലെ മുൻ ഹെഡ്മാസ്റ്റർ പി വി വർഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഫാക്കൽറ്റി ബോർഡ് ആണ് എഴുതാനും വായിക്കാനും പഠിപ്പിച്ചത്. മഞ്ഞിക്കാട് തുടർവിദ്യാകേന്ദ്രത്തിൽ നടന്ന പരീക്ഷയിൽ അഞ്ച് പുരുഷന്മാരും 19 സ്ത്രീകളും പങ്കെടുത്തു. വീടിന് മൂന്നു കിലോമീറ്റർ അകലെയുള്ള തുടർവിദ്യാഭ്യാസകേന്ദ്രത്തിൽ മുച്ചക്രവാഹനത്തിലാണ് ജോയി എത്തിയിരുന്നത്. Read on deshabhimani.com

Related News