കോർകമ്മിറ്റി യോഗത്തിൽനിന്ന‌് വി മുരളീധരൻ വിട്ടുനിന്നുകൊച്ചി പി എസ‌് ശ്രീധരൻപിള്ളയെ അധ്യക്ഷനായി നിയമിച്ചശേഷം നടന്ന ബിജെപിയുടെ ആദ്യ സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽനിന്ന‌് മുൻപ്രസിഡന്റും എംപിയുമായ വി മുരളീധരൻ വിട്ടുനിന്നു. ശ്രീധരൻപിള്ളയെ സംസ്ഥാന അധ്യക്ഷനാക്കിയതിൽ തനിക്കുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല എന്ന സന്ദേശമാണ‌് ഇതുവഴി മുരളീധരൻ നൽകിയത‌്. സുപ്രധാന കോർകമ്മിറ്റി യോഗത്തിൽനിന്ന‌് വിട്ടുനിൽക്കുന്നതിന‌് കാരണമറിയിച്ചിരുന്നുമില്ല. അതേസമയം, സംസ്ഥാന കമ്മിറ്റിയിലെ മറ്റു ഭാരവാഹിത്വങ്ങളിലേക്ക‌് സ്വന്തം ആൾക്കാരെ എത്തിക്കാൻ കൃഷ‌്ണദാസ‌്‐മുരളീധര പക്ഷങ്ങൾ ശ്രമമരാരംഭിച്ചു. നിലവിലെ സംസ്ഥാന ഭാരവാഹികളിൽ 10 ശതമാനംപേരെ ഒഴിവാക്കുമെന്ന‌് സൂചനയുണ്ട‌്. അങ്ങനെവന്നാൽ, ചില വമ്പന്മാർ പുറത്തായേക്കും. ബിജെപിയിലെ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടുകയും മാസങ്ങൾനീണ്ട ഒത്തുതീർപ്പുചർച്ചകളിലും തീരുമാനമാകാത്തതിനെ തുടർന്നാണ‌് പി എസ‌് ശ്രീധരൻപിള്ളയെ സംസ്ഥാന അധ്യക്ഷനായി കേന്ദ്രനേതൃത്വം നിയമിച്ചത‌്. കെ സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്നായിരുന്നു മുരളീധരൻപക്ഷത്തിന്റെ ആവശ്യം. മറുപക്ഷം എ എൻ രാധാകൃഷ‌്ണനുവേണ്ടിയും ചരടുവലിച്ചു. കേന്ദ്രനേതാക്കളെത്തി ഒത്തുതീർപ്പുചർച്ച നടത്തിയിട്ടും ഇരുവിഭാഗവും വഴങ്ങാത്തതിനെ തുടർന്നാണ‌് ശ്രീധരൻപിള്ളയ‌്ക്ക‌് നറുക്കുവീണത‌്. ഇതിൽ മുരളീധരവിഭാഗത്തിനു കടുത്ത അമർഷമുണ്ട‌്. ജനറല്‍സെക്രട്ടറിപദവിയില്‍ സുരേന്ദ്രനുപുറമെ ഒരാളെക്കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാടാണ് മുരളീധരപക്ഷത്തിന്. എന്നാല്‍, ജനറല്‍സെക്രട്ടറിപദവിയിലുള്ള ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് തുടങ്ങിയ  സ്ഥാനങ്ങളില്‍ തങ്ങളുടെ ആളുകളെ എത്തിക്കാനാണ‌് മറുപക്ഷത്തിന്റെ നീക്കം. ദേശീയ സെക്രട്ടറി എച്ച‌് രാജയാണ‌് കേന്ദ്രനേതൃത്വത്തെ പ്രതിനിധീകരിച്ച‌് കോർകമ്മിറ്റിക്ക‌് എത്തിയത‌്. ശനിയാഴ‌്ച ദേശീയ നിര്‍വാഹകസമിതിയോഗത്തിനുശേഷം മറ്റു ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിജെപിയുടെ  പുതിയ ഭാരവാഹികളെ ദേശീയനേതൃത്വവുമായി ആലോചിച്ച് ഉടന്‍ പ്രഖ്യാപിക്കുമെന്ന് യോഗത്തിനുശേഷം പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.   Read on deshabhimani.com

Related News