ആ ചെറുപ്പക്കാരൻ ഒരു കലക്ടറായിരുന്നുതൃക്കാക്കര തങ്ങൾക്കൊപ്പം മൂന്നുദിവസമായി ചാക്കുചുമന്നും സാധനങ്ങൾ തരംതിരിച്ചും ഒപ്പമുണ്ടായിരുന്ന യുവാവ‌് ഒരു കലക്ടറാണെന്ന‌് അറിഞ്ഞപ്പോൾ സന്നദ്ധസേവകർ അമ്പരന്നു. അവശ്യസാധന ശേഖരണവും വിതരണവും നടക്കുന്ന കാക്കനാട് കെബിപിഎസ് പ്രസിലാണ‌് സംഭവം. കേന്ദ്രഭരണപ്രദേശമായ ദാദ്രനഗർ ഹവേലിയിലെ കലക്ടറായ കണ്ണൻ ഗോപിനാഥൻ അവധിയെടുത്ത‌് സ്വന്തംനാടായ കേരളത്തിൽ സന്നദ്ധപ്രവർത്തനത്തിന‌് എത്തിയതായിരുന്നു.  സെപ‌്തംബർ ഒന്നുമുതൽ അദ്ദേഹം കെബിപിഎസ് പ്രസിലുണ്ട്. ഒപ്പമുള്ളവരുടെ നിർദേശങ്ങൾ അനുസരിച്ചും  സ്വയം ഏറ്റെടുത്തും നിറഞ്ഞുനിന്ന യുവാവ‌് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി. അയാൾ ആരാണെന്നറിഞ്ഞപ്പോൾ ചുറ്റുമുള്ളവർ ശരിക്കും ഞെട്ടി. ആദ്യ മൂന്നുദിവസം ആലപ്പുഴയിലെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ  പങ്കെടുത്തശേഷമാണ്  കണ്ണൻ ഗോപിനാഥൻ എറണാകുളത്ത് എത്തിയത്. ജില്ലയിലെ സംഭരണകേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള കെബിപിഎസ് സന്ദർശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നയാൾ ഒരു കലക്ടറാണെന്ന‌് മറ്റുള്ളവർ അറിയുന്നത‌്. എല്ലാവരും അമ്പരപ്പോടെ നോക്കിനിൽക്കെ അദ്ദേഹം വീണ്ടും പണിയിൽ മുഴുകി. തന്റെ  ബാച്ചുകാരൻ ജില്ലാ കലക്ടർ ആയിരിക്കുന്ന ആലപ്പുഴയിൽ പോയിട്ടുപോലും ആരോടും പദവി വെളിപ്പെടുത്താതെ സന്നദ്ധപ്രവർത്തനം നടത്തിയശേഷമാണ് അദ്ദേഹം എറണാകുളത്ത് എത്തിയത്. ആളെ തിരിച്ചറിഞ്ഞശേഷം പലരും സെൽഫിയെടുക്കാനും മറ്റും ചുറ്റുംകൂടിയെങ്കിലും അതെല്ലാം സ്നേഹപൂർവം നിരസിച്ചു. വെറും ഒരു സന്നദ്ധപ്രവർത്തകനായി മാത്രം ജോലിചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  2012 ബാച്ച് ഐഎഎസുകാരനായ കണ്ണൻ ഗോപിനാഥൻ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.   Read on deshabhimani.com

Related News