പുനർ നിർമാണം: തെറ്റിദ്ധാരണ പരത്താൻ ശ്രമം; പൂർണ ചുമതല കെപിഎംജിക്കല്ലതിരുവനന്തപുരം > കേരളത്തിന്റെ പുനർനിർമാണത്തിന്റെ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തുന്നതു സംബന്ധിച്ച‌് തെറ്റിദ്ധാരണ പരത്താൻ ശ്രമം. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സേവന സംഘടനയായ കെപിഎംജിയെ പുനർനിർമാണച്ചുമതല പൂർണമായി ഏൽപ്പിച്ചെന്ന തരത്തിലാണ‌് പ്രചാരണം നടക്കുന്നത‌്. പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയാണ‌് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നത‌്. പുനർനിർമിക്കാൻ പിന്തുണയുമായി എത്തിയ  വിവിധ സംഘടനകളിൽ ഒന്നുമാത്രമാണ‌് കെപിഎംജി. വിവിധ സദമേഖലകളിൽ വിദഗ‌്ധരായവരുടെ ഉപദേശം സ്വീകരിക്കാനാണ‌് സർക്കാർ തീരുമാനിച്ചത‌്. അന്താരാഷ്ട്രതലത്തിലുള്ള പ്രൊഫഷണലുകൾ അടങ്ങിയ സേവന സംഘടനയുടെ സേവനം സൗജന്യമായാണ‌് ലഭിക്കുന്നത‌്. ഇവരിൽനിന്ന‌് സ്വീകരിക്കാവുന്ന സഹായം സ്വീകരിക്കുക എന്നതാണ‌് നിലപാട‌്. പുനർനിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കെപിഎംജിയെ ഏൽപ്പിച്ചിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ‌്ചയിൽത്തന്നെ ധാരണയായിട്ടുള്ളതാണ‌്. കേരളത്തിന്റെ പ്രളയക്കെടുതികൾ വിലയിരുത്തി, മലയാളികൂടിയായ കെപിഎംജിയുടെ ഇന്ത്യയിലെ തലവൻ അരുൺ എം കുമാർ കൂടിക്കാഴ‌്ചയ‌്ക്കിടെയാണ‌് പുനർനിർമാണത്തിൽ പിന്തുണ നൽകാനും കൺസൾട്ടൻസിയായി പ്രവർത്തിക്കാനുമുള്ള സന്നദ്ധത അറിയിച്ചത‌്. യത്നത്തിൽ ലോകത്തെവിടെനിന്നും സഹായം സ്വീകരിക്കും എന്നതാണ‌് സർക്കാർ നിലപാട‌്. ഇതനുസരിച്ചാണ‌് കെപിഎംജിയുടെ സേവനവും സ്വീകരിക്കാൻ തീരുമാനിച്ചത‌്. ഇവരുടെ സേവനം പൂർണമായും സൗജന്യമാണ‌്.  ഇത്തരത്തിൽ മറ്റ‌് ഏജൻസികളുടെ സേവനവും സർക്കാർ പ്രയോജനപ്പെടുത്തുന്നുണ്ട‌്. ഇക്കാര്യം കൂടിക്കാഴ‌്ചയിൽ വ്യക്തമാക്കിയതുമാണ‌്. പ്രളയത്തിൽ തകർന്ന പമ്പാതീരത്തെ പുനരുദ്ധരിക്കുന്നതിന‌് കൺസൾട്ടൻസിയായി പ്രവർത്തിക്കുന്നത‌് ടാറ്റ പ്രോജക്ട‌്സാണ‌്. പണം, നിർമാണ സാമഗ്രികൾ, ഭൂമി, കൺസൾട്ടൻസി, സന്നദ്ധ സേവനം തുടങ്ങി നിരവധി സഹായങ്ങളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെത്തുന്നുണ്ട‌്. വിവിധമേഖലകളിൽനിന്നുള്ള വിദഗ‌്ധരുടെ സേവനം ഇനിയും ആവശ്യമായി വരും. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണെങ്കിലും ഓരോ രാജ്യത്തും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏജൻസിയാണ‌് കെപിഎംജി. അമേരിക്കയും ബ്രിട്ടനുമുൾപ്പെടെ ചില രാജ്യങ്ങളിൽ അന്വേഷണം നേരിടുന്ന സംഘടനയാണിതെന്നാണ‌് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ, പൂർണമായും സൗജന്യസേവനം നൽകുന്ന സംഘടനയുടെ മറ്റേതെങ്കിലും രാജ്യത്തെ പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ‌്നങ്ങളും കേരള പുനർനിർമാണത്തിന‌് തടസ്സമാകില്ല. ഇന്ത്യയിൽ ഇരുപതിനായിരത്തോളം വളന്റിയർമാരാണ‌്  സംഘടനയ‌്ക്കുള്ളത‌്. കേരളത്തിൽ ആയിരത്തോളം പേരുണ്ട്‌. ലഭ്യമായ വൈദഗ‌്ധ്യമെല്ലാം പുനർനിർമാണത്തിന‌് വിനിയോഗിക്കലാണ‌് ഈ ഘട്ടത്തിൽ സർക്കാരിന്റെ അടിയന്തര കടമ. Read on deshabhimani.com

Related News