എട്ട‌് റസിഡൻഷ്യൽ സ‌്കൂളിൽ സോളാർപാനൽ; ആദിവാസിക്കുട്ടികള്‍ക്ക‌് ഇനി പഠിക്കാം സൗരോര്‍ജശോഭയില്‍നിലമ്പൂർ > സംസ്ഥാനത്തെ പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക‌്  ഇനി സൗരോർജ വെളിച്ചത്തിൽ പഠിക്കാം. പട്ടികവർഗ വകുപ്പിനുകീഴിലുള്ള എട്ട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സോളാർ പവർപ്ലാന്റ് സ്ഥാപിക്കും.  നിലമ്പൂർ (മലപ്പുറം), കണിയാമ്പറ്റ, നൂൽപ്പുഴ, നല്ലൂർനാട് (വയനാട്), അട്ടപ്പാടി (പാലക്കാട്), മൂന്നാർ (ഇടുക്കി),  കുളത്തുപ്പുഴ (കൊല്ലം), ഞാറനീലി (തിരുവനന്തപുരം)   എന്നിവിടങ്ങളിലാണിത‌്. ഇതിനായി  8,44,00,910 രൂപ അനുവദിച്ചു. സർക്കാർ ഏജൻസിയായ  ഇൻകെൽ ലിമിറ്റഡിനാണ് നിർമാണ ചുമതല. അടുത്തമാസത്തോടെ പദ്ധതി കമീഷൻചെയ്യാനാവുമെന്നാണ‌് പ്രതീക്ഷ. ഇതാദ്യമായാണ‌് കാടിന്റെ മക്കൾ പഠിക്കുന്ന  റസിഡൻഷ്യൽ സ്‌കൂളിൽ സൗരോർജ പാനൽ സ്ഥാപിച്ച് മുഴുവൻ പ്രവർത്തനത്തിനുമുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാൻ ശ്രമം. നിലമ്പൂരിലെ സ‌്കൂളിൽ  103.95 കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകളാണുള്ളത്. 1000 എഎച്ച് (ആമ്പിയർ ഹവർ)ശേഷിയുള്ള രണ്ട് സെറ്റ് ബാറ്ററി ഉടൻ സ്ഥാപിക്കും.  1.21 കോടി രൂപ ചെലവിലാണ‌് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള വൈദ്യുതിപോയാലും ഇരുട്ടിലാകില്ല. 510 കുട്ടികൾ താമസിച്ചുപഠിക്കുന്ന സ്‌കൂളിന് മാസം വലിയ തുകയാണ് വൈദ്യുതി ബില്ലിനത്തിൽ വരുന്നത്. വിളക്കുകൾക്ക് പുറമെ മോട്ടോർ, അടുക്കള എന്നിവിടങ്ങളിലും വൈദ്യുതിവേണം. ഓഫ്ഗ്രിഡ് രീതിയിലാകും സോളാർ ഉല്‍പ്പാദനം. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചശേഷം അവശേഷിക്കുന്നത് സംഭരിക്കാം. പദ്ധതിയുടെ കൺട്രോൾ മുറി ഉടൻ സജ്ജമാക്കും. 325 വാട്ട്‌സിന്റെ 320 പാനലുകളാണ് നിലമ്പൂർ എംആർ സ്‌കൂളിന്റെ രണ്ട് കെട്ടിടങ്ങളിലായുള്ളത‌്.  പുതുതായി  റൂഫ്‌ടോപ് പദ്ധതിയിൽ കിഫ്ബിവഴി സർക്കാർ ഓഫീസുകൾക്കുമുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും സജീവമാണ‌്. Read on deshabhimani.com

Related News