കോട്ടയം, കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനംവി വി ദക്ഷിണാമൂര്‍ത്തി നഗര്‍(കോട്ടയം) > സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം ചുവപ്പുസേനാ മാര്‍ച്ചോടെയും ഉജ്വല ബഹുജന റാലിയോടെയും വ്യാഴാഴ്ച സമാപിക്കും. തിരുനക്കര മൈതാനിയിലെ സ. പി കൃഷ്ണപിള്ള നഗറില്‍ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലും പൊതുചര്‍ച്ച തുടര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ അധികരിച്ചുള്ള ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറി വി എന്‍ വാസവനും സംഘടനാകാര്യങ്ങള്‍ക്കും മറ്റും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറുപടി പറഞ്ഞു. പ്രതിനിധിസമ്മേളനം വ്യാഴാഴ്ചയും തുടരും. സമാപന റാലിയില്‍ പതിനായിരങ്ങള്‍ അണിനിരക്കും. പകല്‍ രണ്ടിന്് പൊലീസ് പരേഡ് ഗ്രൌണ്ട് പരിസരത്ത് ചുവപ്പുസേനയുടെ വളണ്ടിയര്‍മാര്‍ അണിനിരക്കും. മൂന്നിന്  ചുവപ്പുസേനാ മാര്‍ച്ച് നഗരത്തിലേക്ക് നീങ്ങും. വൈകിട്ട് നാലിന് നാഗമ്പടം പോപ്പ് മൈതാനിയില്‍നിന്ന് ബഹുജനറാലിയും ആരംഭിച്ച് വളണ്ടിയര്‍മാര്‍ക്ക് പിന്നില്‍ അണിനിരക്കും. മാര്‍ച്ചും റാലിയും സ. പി കൃഷ്ണപിള്ള നഗറിലേക്ക് എത്തുമ്പോള്‍ വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം ചേരും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, പി കെ ശ്രീമതി, എം സി ജോസഫൈന്‍, ഡോ. തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, ബേബിജോണ്‍, കെ ജെ തോമസ്, എം എം മണി എന്നിവര്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കും. പി ടി രാജന്‍ നഗര്‍ (കൊയിലാണ്ടി) > കൊയിലാണ്ടിയുടെ ഹൃദയഭൂമി ഇന്ന് മറ്റൊരു ചരിത്രമുന്നേറ്റത്തിനുകൂടി സാക്ഷിയാകും. സിപിഐ എം കോഴിക്കോട് ജില്ലാസമ്മേളനത്തിന് സമാപനം കുറിച്ച് പതിനായിരങ്ങള്‍ അണിനിരക്കുന്ന റെഡ്വളന്റിയര്‍ മാര്‍ച്ചും ബഹുജനറാലിയും വ്യാഴാഴ്ച കൊയിലാണ്ടിയില്‍ നടക്കും. ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യത വിളിച്ചോതുന്നതാകും സമാപന റാലിയും റെഡ്വളന്റിയര്‍ മാര്‍ച്ചും. ഇ എം എസ് ടൌണ്‍ഹാളിലെ പി ടി രാജന്‍ നഗറില്‍ ചൊവ്വാഴ്ച തുടങ്ങിയ പ്രതിനിധി സമ്മേളനത്തില്‍ ബുധനാഴ്ച പകല്‍ മൂന്നരയോടെ പൊതുചര്‍ച്ച പൂര്‍ത്തിയായി. വിവിധ ഏരിയകളില്‍ നിന്ന് 53 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി പി മോഹനനും സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് പിബി അംഗം പിണറായി വിജയനും മറുപടി പറഞ്ഞു. വ്യാഴാഴ്ച രാവിലെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് നടക്കും. പുതിയ ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് പകല്‍ മൂന്നിന് റെഡ്വളന്റിയര്‍ മാര്‍ച്ച് അരങ്ങാടത്ത് ആന്തട്ട ഗവ. യുപി സ്കൂളിനുസമീപം കൊല്ലം ദേശീയ പാതയില്‍ പെട്രോള്‍ പമ്പിന് സമീപത്തുനിന്നാരംഭിക്കും. കാല്‍ലക്ഷത്തോളം വളന്റിയര്‍മാര്‍ മാര്‍ച്ചില്‍ അണിനിരക്കും. വൈകിട്ട് അഞ്ചിനാരംഭിക്കുന്ന പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. മൂന്നുദിവസത്തെ സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എ വിജയരാഘവന്‍, എ കെ ബാലന്‍, എളമരം കരീം, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി രാമകൃഷ്ണന്‍, എം വി ഗോവിന്ദന്‍ എന്നിവരും പങ്കെടുക്കുന്നു. Read on deshabhimani.com

Related News