സിപിഐ വിട്ടവര്‍ സിപിഐ എമ്മില്‍



മുഹമ്മ > സിപിഐയില്‍ നിന്നും രാജിവച്ച ദമ്പതികളായ നേതാക്കള്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാല്‍ നൂറ്റാണ്ടായി സിപിഐ ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറി, സെക്രട്ടറി എഐഎസ്എഫ് ജില്ലാപ്രസിഡന്റ്, സെക്രട്ടറി, എഐവൈഎഫ് മരാരിക്കുളം മണ്ഡലം കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച മുഹമ്മ ആര്യക്കര പുതുപ്പറമ്പുവെളി പി പി ബൈജുവും സിപിഐ ലോക്കല്‍ കമ്മിറ്റിയംഗമായ ഭാര്യ സ്മിതയുമാണ് രാജിവച്ചത്. മഹിളാ സംഘം മണ്ഡലം കമ്മിറ്റിയംഗം, തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ മേഖലാസെക്രട്ടറി, മുന്‍ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിലും സ്മിത പ്രവര്‍ത്തിച്ചിരുന്നു. അവസരവാദ നിലപാടിലും പാര്‍ടി വിരുദ്ധ പ്രവര്‍ത്തനവും വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്ന നടപടികളിലും പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് ഇവര്‍ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഹമ്മ ആറാം വാര്‍ഡ് വനിതാ സംവരണമായപ്പോള്‍ നിലവില്‍ പഞ്ചായത്തംഗമായിരുന്ന സിപിഐ നേതാവ് ഭാര്യയെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചു. പാര്‍ടി നേതൃത്വം തീരുമാനിച്ച സ്ഥാനാര്‍ഥിക്കെതിരെ ഇവര്‍ ബദല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുകയും ചെയ്തെന്ന് ബൈജു പറഞ്ഞു. ഈ നടപടിയെ സംഘടനയ്ക്കുള്ളില്‍ ചോദ്യം ചെയ്യുകയും നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതുമുതല്‍ തന്നെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുകച്ചു പുറത്തു ചാടിക്കാന്‍ പരിശ്രമിച്ചു. ഇതിന് മണ്ഡലം നേതൃത്വത്തിന്റെ എല്ലാവിധ ഒത്താശയും പിന്തുണയും ലഭിച്ചിരുന്നു. റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയെ താന്‍ ചോദ്യം ചെയ്തപ്പോള്‍ ബഹുഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റിയംഗങ്ങളും പിന്തുണയ്ക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നേതൃത്വം ഇതൊന്നും ചെവിക്കൊണ്ടില്ല. കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തിലും ഈ വിഷയം പ്രതിനിധികള്‍ ഉന്നയിച്ചെങ്കിലും നിസംഗ സമീപനമാണ് മണ്ഡലം സെക്രട്ടറിയടക്കമുള്ള നേതൃത്വം സ്വീകരിച്ചത്. മുഹമ്മ കറുത്ത കക്ക സംഘത്തിലും കയര്‍ സഹകരണസംഘത്തിലും പാര്‍ടി തീരുമാനത്തിനെതിരായി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പരിശ്രമിച്ച ആളെയാണ് മണ്ഡലം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ ലോക്കല്‍ സെക്രട്ടറിയായി അവരോധിച്ചതെന്ന് ബൈജുവും സ്മിതയും പറഞ്ഞു. കാര്‍ത്തികപ്പള്ളി > ചേപ്പാട് പഞ്ചായത്തില്‍ സിപിഐ വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് സ്വീകരണവും രാഷ്ടീയ വിശദീകരണ യോഗവും നടന്നു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.  സിപിഐ മുന്‍ എല്‍സി സെക്രട്ടറി ആര്‍ കൃഷ്ണകുമാറിനെയും 25 പ്രവര്‍ത്തകരെയും ജില്ലാ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചു. ജോണ്‍ ചാക്കോ അധ്യക്ഷനായി. എം സുരേന്ദ്രന്‍, എന്‍ സജീവന്‍, വി കെ സഹദേവന്‍, എം കെ വേണുകുമാര്‍, റ്റി സുരേന്ദ്രന്‍, ആര്‍ വിജയകുമാര്‍, എം മോഹനന്‍ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News