അഭിമന്യു ഇല്ല; കണ്ണീരൊപ്പാൻ എൻഎസ‌്എസ‌് സംഘം

ദുരിതബാധിതർക്ക്‌ നൽകാനായി സൗത്ത്‌ െറയിൽവേ സ്‌റ്റേഷനിലെത്തിയ സാധനങ്ങൾ മഹാരാജാസ്‌ എൻഎസ്‌എസ്‌ വളന്റിയർമാർ ട്രെയിനിൽനിന്നിറക്കുന്നു


കൊച്ചി അവന്റെ പാട്ടുകൾ അവർക്ക‌് സാന്ത്വനമായേനെ. അവന്റെ പുഞ്ചിരി ആ കണ്ണീരൊപ്പിയേനെ..ക്യാമ്പുകളിൽ മരുന്നും ഭക്ഷണവുമെത്തിക്കാനും വീടുകളും സ‌്കൂളുകളും വൃത്തിയാക്കാനും ഓടി നടക്കുന്ന ആ കൂട്ടുകാർ ഒരു നിമിഷം ഓർക്കുന്നു, ഈ ദുരിതപ്പെയ‌്ത്തിൽ അഭിമന്യുകൂടി അവർക്കൊപ്പമുണ്ടായിരുന്നെങ്കിലെന്ന‌്. പ്രളയത്തിൽ മുങ്ങിയവരെ കൈപ്പിടിച്ചുയർത്താൻ. അവർക്ക‌് ആശ്വാസമെത്തിക്കാൻ അഭിമന്യുകൂടി ഉണ്ടായിരുന്നെങ്കിലെന്ന‌് സങ്കടപ്പെടുകയാണ‌് മഹാരാജാസ‌് കോളേജിലെ എൻഎസ‌്എസ‌് പ്രവർത്തകർ. എൻഎസ‌്എസ‌് യൂണിറ്റ‌് സെക്രട്ടറിമാരിലൊരാളായിരുന്ന അഭിമന്യുവിന്റെ ജീവൻ പൊലിഞ്ഞശേഷം ആ സ്ഥാനത്തേക്ക‌് പുതിയ ആളെത്തിയിട്ടില്ല. കാമ്പസിനെ പാട്ടും വാക്കും കൊണ്ട‌്  ചലനാത്മകമാക്കിയ അഭിമന്യു, പ്രളയത്തിൽ സർവതും നഷ‌്ടമായവർക്ക‌് കൈത്താങ്ങായി മുന്നിലുണ്ടാകുമായിരുന്നുവെന്ന‌് എൻഎസ‌്എസ‌് പ്രവർത്തകർ. പ്രളയദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിലും ശുചീകരണത്തിനുമൊക്കെ മുന്നിട്ടിറങ്ങിയ എല്ലാ മഹാരാജാസുകാരനും പറയാനുണ്ടാകുക ഇതാവും. ദുരന്ത പശ്ചാത്തലത്തിലും അഭിമന്യുവിന്റെ ഓർമകൾക്ക് വേരോട്ടമേറുകയാണ്. മഹാരാജാസിൽ നിന്നാണെത്തിയതെന്ന് പറയുമ്പോൾ നാട്ടുകാർ ചോദിക്കുന്നത് ഒരേ ഒരു ചോദ്യമാണ‌്‐ അഭിമന്യുവിനെ അറിയാമോ..?’ ‘അഭിമന്യൂ ഉണ്ടായിരുന്നെങ്കിൽ ശുചീകരണത്തിന് ഒരു ഓളമുണ്ടായേനെ... അവന്റെ ചുറുചുറുക്ക് നിറഞ്ഞ വാക്കും പാട്ടുമെല്ലാം ശുചീകരണം ആഘോഷമായേനെ... ക്ഷീണം ബാധിക്കുകയേ ഇല്ലായിരുന്നു’ അയിരൂർ കുന്നുംകരയിലെ അങ്കണവാടി വൃത്തിയാക്കാനെത്തിയ മഹാരാജാസ് കോളേജ് എൻഎസ്എസ് വളന്റിയർ ജൗഹർ അഭിമന്യുവിനെ ഓർക്കുന്നു.  ‘മഹാരാജാസിനെക്കുറിച്ച് ഒരുപാട് പാട്ടുകൾ അഭിമന്യുവിന് അറിയാമായിരുന്നു. അതെല്ലാം ഞങ്ങളെ പഠിപ്പിച്ചുതന്നത് അവനാണ്. പിഴലയിൽ നടന്ന എൻഎസ്എസ് ക്യാമ്പിലാണ് ഞങ്ങളെല്ലാം കൂട്ടായത്..’ അർഹംഷാ പറഞ്ഞു. ‘അവനൊപ്പമാണ് ഞാൻ പഠിച്ചത്. ഹോസ്റ്റൽ വേറെ ആണെങ്കിലും ആറുമണിവരെ മഹാരാജാസിൽ ഞങ്ങളുണ്ടാവും. എൻഎസ്എസ് പ്രവർത്തനങ്ങൾ നടത്താനുമെല്ലാം ഒപ്പമായിരുന്നു’ നിഹാദ് പറഞ്ഞു. അഭിമന്യുവിനെക്കുറിച്ച് കേട്ടിട്ടേയുള്ളു. പക്ഷേ, അഭിമന്യു ഇപ്പോഴും മഹാരാജാസിന്റെ ഭാഗമാണെന്ന് ഒന്നാംവർഷ വിദ്യാർഥിയായ അനന്തു പറഞ്ഞു. ദുരിത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് തങ്ങളുടെ കൊച്ചു സമ്പാദ്യവും അഭിമന്യുവിന്റെ മാതാപിതാക്കൾ കൈമാറിയിരുന്നു. ശുചീകരണത്തിന‌് മാത്രമല്ല, ട്രെയിനിൽ നിന്നും ദുരിത ബാധിതർക്കുള്ള സാധനങ്ങൾ തലച്ചുമടായി ഇറക്കാനും മഹാരാജാസിലെ എൻഎ‌സ‌്എസ‌് പ്രവർത്തകർ  തയ്യാർ. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന ദുരിത ബാധിതർക്കുള്ള അവശ്യസാധനങ്ങൾ അടങ്ങിയ പാഴ്‌സലുകളാണ‌് വളന്റിയർമാർ മാറ്റിയത‌്.  ഇവിടെയെത്തുന്ന സാധനങ്ങൾ ക്രമീകരിച്ച് സംഭരണകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ഇവർ മുന്നിലുണ്ട‌്. സപ്ലൈകോ ഗോഡൗൺ, സെൻട്രൽ വെയർഹൗസ്, കളമശേരി ഗോഡൗൺ എന്നിവിടങ്ങളിലേക്ക‌്പാഴ്‌സലുകൾ വിദ്യാർഥകളുടെ നേതൃത്വത്തിലെത്തിച്ചു. എൻഎസ്എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കുന്നുകര പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പത്താം വാർഡിലുള്ള എല്ലാ വീടുകളിലെയും പൊതു സ്ഥലങ്ങളിലെയും  മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌ക്കരണത്തിന് പഞ്ചായത്തിന് കൈമാറി. നൂറിലധികം വിദ്യാർഥികളാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. അയിരൂരിലെ അങ്കണവാടിയും ശുചീകരിച്ചു. കോളേജ് നാഷണൽ സർവീസ് സ്‌കീം കോർഡിനേറ്റർമാരായ പ്രജനി പ്രകാശിന്റെയും ജൂലി ചന്ദ്രയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. Read on deshabhimani.com

Related News