വയനാടൻ കാർഷിക മേഖല തകർന്നടിഞ്ഞു

പ്രളയത്തിൽ വെള്ളം കയറി നശിച്ച പരക്കുന്നൽ സജിയുടെ കുരുമുളക് തോട്ടം


കൽപ്പറ്റ കനത്തമഴയിൽ വയനാടൻ കാർഷികമേഖലയും തകർന്നടിഞ്ഞു. പ്രധാന ഉപജീവനമാർഗമായ കൃഷി പൂർണമായും നശിച്ചതോടെ ജില്ല നിലനിൽപ്പ് ഭീഷണിയിലാണ്. പ്രളയത്തിനുശേഷം ഭൂമി വിണ്ടുകീറലും മണ്ണ് നിരങ്ങി നീങ്ങലും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന ആശങ്കക്കുപുറമേയാണ് കാർഷിക മേഖലയിലെ തകർച്ചക്ക‌് ആക്കംകൂട്ടി വിളനഷ്ടവും സംഭവിച്ചത്. ആകെ 331.44 കോടി രൂപ  നഷ്ടമുണ്ടായതാണ് പ്രാഥമികവിവരം. കനത്ത മഴയിൽ ജില്ലയിലെ പ്രധാന കൃഷികളായ കാപ്പി, കുരുമുളക്, നെല്ല്, വാഴ, കമുക് തുടങ്ങിയവ പൂർണമായും നശിച്ചു.  കുരുമുളക‌്ചെടികൾ ഉൾപ്പെടെ പൂർണമായും നശിച്ചതുവഴി ഉണ്ടായ  നഷ്ടം 79.22 കോടി രൂപ. ഭാഗികമായി കൃഷി നശിച്ചത് വഴി 246.69 കോടിയുടെ നഷ്ടമുണ്ടായി. കൃഷി ഇറക്കാൻ ഭൂമി ഒരുക്കലും മറ്റ് തയ്യാറെടുപ്പുകളും നടത്തിയ കർഷകർക്ക് 5.53 കോടി രൂപയുടെ നഷ്ടമുണ്ടായി. ഭൂമി വിണ്ട് കീറൽ, മണ്ണിടിഞ്ഞ് നീങ്ങൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിക്ഷോഭ കെടുതികളിൽ 676 ഏക്കർ കൃഷി ഭൂമി നശിച്ചു.  രണ്ട‌്ഹെക്ടറിലെ വാഴകൃഷി നശിച്ചു. കുലച്ച് മൂപ്പെത്തി വിളവെടുക്കാറായ  20 ലക്ഷത്തിലധികം വാഴ നശിച്ചത് വഴി 62.11 കോടി രൂപയാണ് നഷ്ടമായത്. 197.93  ഹെക്ടർ കുലക്കാത്ത വാഴ വെള്ളപ്പൊക്കത്തിൽ നശിച്ചു. 4,94,825 വാഴകളാണ് നശിച്ചത്.7.8152 ഹെക്ടറിൽ കായ്ക്കുന്ന കമുക് കൃഷി നശിച്ചത് വഴി ഉണ്ടായ നഷ്ടം 58.614 ലക്ഷം. 62 ഹെക്ടറിൽ കപ്പകൃഷി നശിച്ചു.  13.38 ഹെക്ടറിലെ കുരുമുളക് കൃഷിനശിച്ചു. നഷ്ടം 2.05 കോടി. Read on deshabhimani.com

Related News