നിയമം നടപ്പാക്കുന്നതിൽ അധികാരികളുടെ മനോഭാവവും പ്രധാനം: മുഖ്യമന്ത്രികൊച്ചി നിയമം നടപ്പാക്കുന്നതിൽ വകുപ്പുകൾ മാത്രമല്ല അധികാരത്തിൽ ഇരിക്കുന്നവരുടെ മാനസികാവസ്ഥയും ചേരുന്നുണ്ടെന്നാണ‌് നമ്മുടെ അനുഭവം എന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ജസ‌്റ്റിസ‌് വി രാംകുമാറും ജോർജ‌് ജോൺസണും ചേർന്ന‌് രചിച്ച പുസ‌്തകം പ്രകാശനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സവിശേഷ സാഹചര്യത്തിൽ നിലവിൽ വന്നതാണ‌് ‘കാപ്പ’ നിയമം. കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ‌് ഈ കരുതൽ തടങ്കൽ നിയമം 2007ൽ എൽഡിഎഫ‌് സർക്കാർ കൊണ്ടുവന്നത‌്. എന്നാൽ അധികാരികൾ ഇത‌് പിന്നീട‌് ദുരുപയോഗം ചെയ്യുന്ന അവസ്ഥ വന്നു. രാഷ്‌ട്രീയക്കാർ ക്രിമിനലുകളോ സാമൂഹ്യ വിരുദ്ധരോ അല്ല. എങ്കിലും ഇവരുടെ പേരിൽ നിരവധി കേസുകൾ ഉണ്ടാകാറുണ്ട‌്. അതിന്റെ പേരിൽ ഇവരെ കാപ്പ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കരുതൽ തടങ്കലിൽ വയ‌്ക്കുന്ന അവസ്ഥ പിന്നീട‌് കേരളത്തിൽ ഉണ്ടായി. ഇത‌് സദുദ്ദേശ്യത്തോടെ ഏർപ്പെടുത്തിയ വകുപ്പുകൾ പിന്നീട‌് ദുരുപയോഗം ചെയ്യപ്പെട്ടതിന‌ുള്ള ഉദാഹരണമായി. അധികാരം വിനിയോഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ ഉയർന്നു വരുന്ന കുറ്റകൃത്യങ്ങൾ, നിയമത്തെ വെല്ലുവിളിച്ചു വരുന്ന ആൾക്കൂട്ടങ്ങൾ ഇവയെല്ലാം തടയാൻ  നിയമവ്യവസ്ഥയ‌്ക്ക‌് സാധിക്കണം. പൊലീസ‌്, പ്രൊസിക്യൂട്ടർ, ന്യായാധിപൻമാർ, അഭിഭാഷകർ ഇവരൊക്കെ നിശ‌്ചിതമായ ചട്ടക്കൂട്ടിൽനിന്ന‌് പ്രവർത്തിക്കുന്നവരാണ‌്.   സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുംവിധം ആകണം അധികാരികൾ നിയമവ്യവസ്ഥ പാലിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News