കാസർകോട്‌ എൻഎസ്‌എസിന്‌ ചേന്ദമംഗലം സ്‌കൂളിന്റെ ബിഗ്‌ സല്യൂട്ട്‌ കുണ്ടംകുഴി എറണാകുളം ചേന്ദമംഗലം എൽപി സ്‌കൂളിലെ കുട്ടികളുടെ ആദ്യ നന്ദിപ്രകടനം  കാസർകോട്ടെ എൻഎസ്‌എസ്‌ വളണ്ടിയർമാർക്ക്‌.    പ്രളയത്തിൽ മുങ്ങിയ സ്‌കൂളിനെ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റിയതിനായിരുന്നു വിദ്യാർഥികളുടെ ബിഗ്‌ സല്യൂട്ട്‌.   പ്രളയക്കെടുതിയും ഓണാവധിയും  കഴിഞ്ഞ് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക്‌  ശുചിത്വമുള്ള ക്ലാസ് മുറി ഒരുക്കുന്നതിൽ വളണ്ടിയർമാർ അത്രമാത്രം പാടുപെട്ടിരുന്നു.    ക്ലാസ് മുറികളും ഓഫീസും കംപ്യൂട്ടർ ലാബും പൂർവ്വ സ്ഥിതിയിലാക്കാൻ 40 പേരടങ്ങുന്ന ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം യൂനിറ്റുകളിലെ വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും രാപ്പകൽ അധ്വാനിക്കുകയായിരുന്നു.  സ്‌കൂളിൽ പത്തടിയോളം ഉയരത്തിലാണ്‌ വെള്ളം കയറിയത്‌.  വിദ്യാർത്ഥികളുടെ അഡ്മിഷൻ രജിസ്ട്രർ, അധ്യാപകരുടെ സർവ്വീസ് ബുക്ക്, കംപ്യൂട്ടറുകൾ, പഠന സാമഗ്രികൾ, പുസ്തകങ്ങൾ, ഉച്ചക്കഞ്ഞിക്കുള്ള അരി, ഹാജർ പട്ടികകൾ, ക്യാഷ് ബുക്ക് തുടങ്ങിയവ മുഴുവനായി വെള്ളത്തിൽ കുതിർന്നിരുന്നു. ഇത്‌  മുഴുവനും ഉണക്കിയെടുക്കലായിരുന്നു ആദ്യത്തെ പണി. തുടർന്ന് സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മുഴുവൻ മുറികളും കഴുകി വൃത്തിയാക്കി. സ്കൂളിലും പരിസരങ്ങളിലുമുള്ള മാലിന്യങ്ങൾ നീക്കി.  ഹയർ സെക്കൻഡറി  നാഷണൽ സർവീസ് സ്കീം ജില്ലാ കൺവീനർ വി ഹരിദാസ് , പിഎസി അംഗങ്ങളായ ഷാഹുൽ ഹമീദ് പുണ്ടൂർ, എം മണികണ്ഠൻ, പ്രോഗ്രാം ഓഫീസർമാരായ പിഇ അബ്ദുൾ റഹ്മാൻ, കെ ബാലകൃഷ്ണൻ. പി ശ്രീധരൻ, എ രതീഷ് കുമാർ, എ മധുസൂദനൻ, ഇ ശ്രീനാഥ്, ടിപി അനൂപ് എന്നിവരും സിജെഎച്ച്എസ്എസ് ചെമ്മനാട്, ജിഎച്ച്എസ്എസ് കുണ്ടംകുഴി, ജിഎച്ച്എസ്എസ് ബേത്തുർപാറ, ജിഎച്ച്എസ്എസ് ഹൊസ്ദുർഗ് എന്നീ സ്കൂളുകളിലെ എൻ എസ് എസ് വളണ്ടിയർമാരുമാണ്‌ ശുചീകരണ പ്രവർത്തനത്തിന് കൈകോർത്തത്. Read on deshabhimani.com

Related News