കുടുംബശ്രീ ജില്ലാമിഷൻ നേതൃത്വത്തിൽ 12 ബഡ്‌സ്‌ സ്‌കൂൾ ആരംഭിക്കും കാസർകോട്‌ ജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കും മാനസിക ഉല്ലാസത്തിനുമായി കുടുംബശ്രീ ജില്ലാമിഷൻ നേതൃത്വത്തിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 30ന്‌ മുമ്പായി 12  പുതിയ ബഡ്‌സ്‌ സ്‌കൂളുകൾ തുടങ്ങും. കാഞ്ഞങ്ങാട്‌ നഗരസഭയിലും ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, കിനാനൂർ‐ കരിന്തളം, അജാനൂർ, ബേഡഡുക്ക, ഉദുമ, ചെമ്മനാട്‌, കുമ്പഡാജെ, ചെങ്കള, മംഗൽപാടി പഞ്ചായത്തുകളിലുമാണ്‌ ബഡ്‌സ്‌ സ്‌കൂൾ തുടങ്ങുന്നത്‌. കുടുംബശ്രീ ജില്ലാമിഷൻ വഴി വിശദമായ പ്രോജക്ട്‌ റിപ്പോർട്ട്‌ സമർപിച്ച തദ്ദേശസ്ഥാപനങ്ങൾക്ക്‌  അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഒന്നാംഘട്ട തുകയായി ഓരോ സ്‌കൂളിനും 12.5 ലക്ഷം രൂപ വീതം ഈയാഴ്‌ചതന്നെ അനുവദിക്കുമെന്ന്‌ കുടുംബശ്രീ ബഡ്‌സ്‌ സ്‌കൂളുകളുടെ ചുമതലയുള്ള അസി. ജില്ലാമിഷൻ കോ‐ ഓഡിനേറ്റർ പ്രകാശ്‌ പാലായി അറിയിച്ചു.  സംസ്ഥാന സർക്കാരിന്റെ ഇ‐ ലാംപ്‌സ്‌ പ്രകാരമാണ്‌ ബഡ്‌സ്‌ സ്‌കൂളുകൾക്കായി തുക അനുവദിച്ചത്‌. തദ്ദേശസ്ഥാപനങ്ങൾക്ക്‌ കൈമാറുന്ന  തുക പഠനസാമഗ്രികൾ വാങ്ങാനും പരമാവധി ആറുമാസം വരെ വാടക കെട്ടിടത്തിലുള്ള സ്ഥാപനങ്ങളുടെ വാടക നൽകാനും വിദ്യാർഥി സൗഹൃദ മേശയും കസേരയും വാങ്ങാനും വിദ്യാർഥി സൗഹൃദ റാന്പ്‌, റയിൽ മുതലായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും വിനോദോപാധികളായ ടിവി, പ്രോജക്ടർ എന്നിവ വാങ്ങാനും സ്ഥാപനങ്ങളിലേക്കാവശ്യമായ തൊഴിലുപകരണങ്ങൾ വാങ്ങാനുമാണ്‌ ഉപയോഗിക്കേണ്ടത്‌. അധ്യാപകർ, ആയ, മറ്റ്‌ ജീവനക്കാർ എന്നിവരുടെ നിയമനം, ശന്പളം മുതലായവ അതത്‌ തദ്ദേശസ്ഥാപനങ്ങൾ നൽകണം. യോഗ്യരായ അധ്യാപകരുടെ പാനൽ ജില്ലാമിഷൻ വഴി കൈമാറും.  ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ രണ്ടാംഘട്ട തുക അനുവദിക്കുകയുള്ളു. നിലവിൽ ഒന്പത്‌ ബഡ്‌സ്‌ സ്‌കൂളാണ്‌ ജില്ലയിലുള്ളത്‌. ഇതിന്‌ പുറമെയാണ്‌ 12 എണ്ണംകൂടി പ്രവർത്തനമാരംഭിക്കുന്നത്‌.  ഭാവിപ്രവർത്തനമായി ഇവിടങ്ങളിലെ കുട്ടികളുടെ അമ്മമാർക്കായി സ്‌കൂളുകളോടനുബന്ധിച്ച്‌ തൊഴിൽ പരിശീലന കേന്ദ്രങ്ങളും ആരംഭിക്കാൻ പദ്ധതിയുണ്ട്‌. നിലവിൽ നീലേശ്വരം, എൺമകജെ എന്നിവിടങ്ങളിൽ തൊഴിൽ പരിശീലന വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. Read on deshabhimani.com

Related News