പുഴകളിൽ ജലനിരപ്പ് കുറയുന്നത്‌ ഭൂഗര്‍ഭ ജല അതോറിറ്റി പരിശോധന തുടങ്ങിരാജപൂരം   പുഴകളിലും തോടുകളിലും ജലനിരപ്പ് കുറയുന്നത് സംബന്ധിച്ച് ഭൂഗര്‍ഭ ജല അതോറിറ്റി പരിശോധന തുടങ്ങി.  ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൂഗര്‍ഭജല അതോറിറ്റി  ജില്ലാ ഓഫീസര്‍ അറിയിച്ചു. എല്ലാവര്‍ഷത്തേക്കാളും പതിവിലും വിപരീതമായി ജില്ലയിലെ പുഴകളിലും തോടുകളിലും, ചെറു അരുവികളിലും വെള്ളം ഒഴുകുന്നത് പെട്ടന്ന് കുറഞ്ഞത്  ദേശാഭിമാനി വാര്‍ത്തയാക്കിയിരുന്നു. ഇതേ തുടർന്നാണ്‌  ജില്ലാ ഭൂഗര്‍ഭ അതോറിറ്റി പഠനം നടത്താന്‍ തീരുമാനിച്ചത്. ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ജല നിരീക്ഷണ കിണറുകളില്‍  ജല നിരപ്പ് കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധന നടത്തും. എല്ലാ മാസവും ഒരു തവണ ജലനീരിക്ഷണ കിണറുകളില്‍ ജലനിരപ്പ് ഉയരുന്നതും  താഴുന്നതും സംബന്ധിച്ച് പരിശോധന നടത്താറുണ്ട്‌. ഈ മാസം  രണ്ട് തവണ പരിശോധന നടത്തുന്നതിന് നിർദേശം  നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ഓഫീസര്‍ സീതാറാംഭട്ട് പറഞ്ഞു.  ജില്ലയില്‍ വിവിധ പ്രദശങ്ങളില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് നന്നായി വെള്ളം കുറഞ്ഞതായി കാണപ്പെടുന്നുണ്ട്.   മഴ നന്നായി ലഭിച്ചപ്പോള്‍  അമിത ജലപ്രവാഹത്തെ തുടര്‍ന്ന് വെള്ളം വലിച്ചെടുക്കാന്‍ ഭൂമിക്ക് സമയം ലഭിക്കാത്തതാണ് പുഴകളിലെ ജലനിരപ്പ് പെട്ടന്ന് കുറയാന്‍ കാരണമെന്നാണ്‌  ഭൂഗര്‍ഭ ജലവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.  ഇതോടൊപ്പം പുഴകളിലും തോടുകളിലും നല്ല ശക്തമായി വെള്ളം ഒഴുകി പോയതിനാല്‍ വെള്ളം തടഞ്ഞ് നിര്‍ത്തിയിരുന്ന മണലും കല്ലുകളും ഒഴുകി പോയതിനാൽ  വെള്ളം തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞില്ല.  കുഴല്‍കിണറിന്റെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്‌. ഇതിന്റെ എണ്ണത്തിലും ഉപയോഗത്തിലും വന്ന വർധനവും  ജലനിരപ്പ് കുറയാന്‍  കാരണമായി.   ഇത്തവണ നല്ല തുലാം മഴ കിട്ടുമെന്ന പ്രതീക്ഷയാണുള്ളത്‌. അങ്ങനെ വന്നാല്‍ ഇപ്പോഴത്തെ ജലനിരപ്പ് കുറയുന്നത് സംബന്ധിച്ച്  ആശങ്ക  നിലനില്‍ക്കില്ല. മഴക്കാലത്ത് കിണറുകളും  കുഴല്‍ കിണറുകളും റീ ചാർജ്‌  ചെയ്യുന്നത് വ്യാപകമാക്കിയാല്‍  ജലനിരപ്പ് കുറയുന്നത് തടയാന്‍ കഴിയും. ഇതിനായി പഞ്ചായത്തുകള്‍ പദ്ധതി നടപ്പാക്കുന്നുെണ്ടങ്കിലും കാര്യക്ഷമാക്കിയാല്‍ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. മഴ മാറി തുടങ്ങിയതോടെ ചുട്ടുപൊള്ളുന്ന വെയിലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്‌. ചെറിയ അരുവികള്‍ ഇപ്പോള്‍ തന്നെ വറ്റി തുടങ്ങി. ഇത്തവണ കാലവര്‍ഷം  നേരത്തെ എത്തിയതും  കനത്ത മഴ ലഭിച്ചതും ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ നോക്കി കണ്ടത്. കാര്‍ഷിക മേഖലയില്‍ വെള്ളം നനക്കുന്ന പ്രദേശങ്ങളില്‍ വെള്ളം തടഞ്ഞ് നിര്‍ത്തുന്നതിനായി കര്‍ഷകര്‍ തടയണകള്‍ നിർമുിച്ച്‌ തുടങ്ങി.  Read on deshabhimani.com

Related News