മഴ കനത്തിട്ടും പുഴകളിലും കിണറുകളിലും ജലനിരപ്പ്‌ കുറവ്‌

കുടുംബൂര്‍ പുഴയിലെ ചെക്ക്ഡാമില്‍ പിതിവിലും നേരത്തെ ജലനിരപ്പ്‌ കുറഞ്ഞനിലയില്‍


രാജപൂരം ശക്തമായ മഴപെയ്തിട്ടും  പുഴകളിലും തോടുകളിലും ജലനിരപ്പ് കുത്തനെ കുറഞ്ഞു. പതിവിനു വിപരീതമാണിത്‌. കടുത്ത ജലക്ഷാമം ഉണ്ടാകാനുള്ള സാധ്യതയാണ്‌ ഇത്‌ മുന്നറിയിപ്പ്‌ നൽകുന്നത്‌.  ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മലയോര മേഖലയില്‍ ഇപ്പോഴും ചില ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുന്നുെണ്ടങ്കിലും  ജല നിരപ്പ് കുറയുന്നത് ഈ വര്‍ഷത്തെ  പ്രത്യേകതയാണ്. മുന്‍ കാലങ്ങളില്‍ കനത്ത മഴ ലഭിച്ചാല്‍ മാസങ്ങളോളം പുഴകളിലും തോടുകളിലും ജലനിരപ്പ് ഏറെ കൂടുതലാണെങ്കിലും ഈ വര്‍ഷമാണ് പതിവിലും നേരത്തെ  ഒഴുക്ക്  കുറഞ്ഞത്.  മലയോര മേഖലയില്‍  ഇത്തവണ കനത്ത ജലക്ഷാമം നേരിടാന്‍ സാധ്യതയുള്ളതായി കര്‍ഷകര്‍ പറയുന്നു. സാധാരണ നിലയില്‍ ഡിസംബര്‍ പകുതിയോടെ മാത്രം കാര്‍ഷിക വിളകള്‍ക്ക് വെള്ളം നനക്കേണ്ട സമയമാണെങ്കിലും ഇത്തവണ ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ തന്നെ വെള്ളം ഒഴിക്കേണ്ടിവരും. മഴ മാറി തുടങ്ങിയതോടെ ചുട്ടുപൊള്ളുന്ന വെയില്‍  കാരണം ജലനിരപ്പ്‌ കുറയുന്നു.  ഇത്തവണ കാലവര്‍ഷം  നേരത്തെ എത്തിയതും കനത്ത മഴ ലഭിച്ചതും ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ നോക്കികണ്ടത്.  കിണറുകളിലെ ജല നിരപ്പും കുറഞ്ഞിട്ടുണ്ട്.  സാധാരണ നിലയില്‍ കുടുംബൂര്‍ പുഴയില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നതിനായി പലകകള്‍ ഇടുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണെങ്കിലും ഇത്തവണ ഇതു നേരത്തെ ചെയ്യേണ്ടിവരും.  ശക്തമായ മഴയിലുണ്ടായ അമിത ജലപ്രവാഹത്തെ വലിച്ചെടുക്കാന്‍ ഭൂമിക്ക് സമയം ലഭിക്കാത്തതാണ് പുഴകളിലെ ജലനിരപ്പ് പെട്ടന്ന് കുറയാന്‍ കാരണമെന്ന് ഭൂഗര്‍ഭ ജലവകുപ്പ് പറയുന്നു. ഇത്തവണ തുലാം മഴയെ ആശ്രയിച്ചായിരിക്കും കുടിവെള്ള ക്ഷാമം വിലയിരുത്താന്‍ കഴിയുക. നല്ല നിലയില്‍ തുലാവർഷം  ലഭിച്ചാല്‍ ജലക്ഷാമം പരിഹരിക്കാനാകും.      Read on deshabhimani.com

Related News