കൈത്താങ്ങ്‌ വേണം; കല്ലൂരാവിയിലെ സഹോദരിമാർക്ക്‌

ഡിവൈഎഫ്‌ഐ നേതാക്കൾ കല്ലൂരാവിയിലെ സഹോദരിമാരെ സന്ദര്‍ശിച്ചപ്പോൾ


കാഞ്ഞങ്ങാട് ഈ സഹോദരിമാര്‍ക്ക്  വേണം മനുഷ്യസ്‌നേഹികളുടെയും അധികൃതരുടെയും പരിരക്ഷ. കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവി അമ്പലപരിസരത്തെ പരേതനായ കുഞ്ഞിക്കണ്ണന്റെയും പാറ്റയുടെയും മക്കളായ രാധ (50), നിർമല (45), ഷൈല (40) എന്നിവരാണ് ദുരിതത്തിലായത്‌.  മാതാപിതാക്കളുടെ മരണത്തോടെ അനാഥരായ ഇവർ  സ്വയം പരിശ്രമിച്ചാണ്‌ ഇത്രയുംകാലം  ജീവിച്ചത്. നാലുസെന്റ്‌  ഭൂമിയിൽ വര്‍ഷങ്ങള്‍ക്കുമുമ്പ് നിർമിച്ച  ഓടിട്ട പഴകിദ്രവിച്ച വീട്ടിലാണ് ഇവര്‍ കഴിയുന്നത്.  മൂത്ത സഹോദരി രാധയുടെ വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവിന്റെ മരണത്തോടെ  സ്വന്തം വീട്ടിലേക്ക് മടങ്ങി. കൂലിവേല ചെയ്ത് അവിവാഹിതരായ സഹോദരിമാര്‍ക്കൊപ്പം കഴിഞ്ഞുവരവെ ഇവരുടെ നട്ടെല്ലിന്  രോഗം ബാധിച്ച് പണിക്ക്‌  പോകാന്‍ കഴിയാതായി. രണ്ടാമത്തെ സഹോദരി നിർമലയ്‌ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ട്. ഇരുവരുടെ ചികിത്സയും നിത്യജീവിതവും ഇളയ സഹോദരി ഷൈല പണിയെടുത്ത്‌ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കഴിയുന്നത്‌. ഇതിനിടയിലാണ് കുടുംബത്തിന്റെ താങ്ങായ ഷൈലയെയും രോഗം പിടികൂടിയത്‌. ഗര്‍ഭപാത്രത്തിലെ മുഴ വില്ലനാവുന്നതായി കണ്ടെത്തി. ഉടൻ ശസ്ത്രക്രിയ വേണമെന്ന ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്ത് കടം വാങ്ങി ശസ്ത്രക്രിയ നടത്തി. ഇപ്പോൾ  പഴയത്‌ പോലെ  ജോലിയെടുക്കാനാകാത്ത അവസ്ഥയിലാണ്‌  ഷൈല.  നിർമലയെ മാനസികനില തെറ്റിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം ഭേദമായപ്പോള്‍ പണമില്ലാതെ ഡിസ്ചാര്‍ജാവാന്‍  കഴിയാതെ ആശുപത്രില്‍ തങ്ങുന്ന സഹോദരിമാരുടെ അവസ്ഥയറിഞ്ഞ്‌ നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്റെ നിര്‍ദേശപ്രകാരം ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ്‌, കാഞ്ഞങ്ങാട് മേഖലാസെക്രട്ടറി അനീഷ് , വിപിന്‍  എന്നിവര്‍  ആശുപത്രിയിലെത്തി ബില്ലടച്ച്‌ ധനസഹായവും നൽകി വീട്ടിലെത്തിച്ചു. രാധക്ക്‌  ലഭിക്കുന്ന വിധവാ പെന്‍ഷന്‍ മാത്രമാണ്  വരുമാന മാര്‍ഗം. മനുഷ്യസ്‌നേഹികളുടെയും അധികൃതരുടെയും  കാരുണ്യത്തിൽ സുരക്ഷിതമായ വീട്, തൊഴില്‍ സംരംഭം  എന്നിവയുണ്ടായാല്‍ ഇവരുടെ ഭാവിജീവിതം സുരക്ഷിതമാക്കാം. ഫോൺ:  9961110505.   Read on deshabhimani.com

Related News