ദുരിതാശ്വാസത്തിന്റെ മറവിൽ സേവാഭാരതിയുടെ മരം കടത്ത്‌

ഗുജറാത്തിൽനിന്ന്‌ ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾക്കൊപ്പം മരം ഉരുപ്പടികൾ കയറ്റിവന്ന ലോറി, കടത്തിക്കൊണ്ടുവന്ന മര ഉരുപ്പടികൾ


നീലേശ്വരം ദുരിതാശ്വാസത്തിന്റെ മറവിൽ മരം ഉരുപ്പടികൾ കടത്തിയ  സംഘപരിവാറിന്റെ കീഴിലുള്ള സേവാഭാരതിയുടെ വാഹനം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  അവശ്യവസ്തുക്കളുമായി ഗുജറാത്തിൽനിന്ന്‌ വന്ന സേവാഭാരതിയുടെ ലോറിയിൽ കടത്താൻ ശ്രമിച്ച മരം ഉരുപ്പടികളാണ്‌ പിടികൂടിയത്‌.  വാഹനം കാഞ്ഞങ്ങാട്‌ ആർഡിഒക്ക്‌  കൈമാറി. ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലേക്കുള്ള  വസ്ത്രങ്ങൾ, അരി എന്നിവ കയറ്റിയ ലോറിയിലാണ് തേക്ക് മര കട്ടിള, വാതിലുകൾ എന്നിവ കടത്തിയത്. സംഘ പരിവാർ നേതൃത്വത്തിലുള്ള മാവുങ്കാലിലെ സംഭരണ കേന്ദ്രത്തിലിറക്കാനാണ് ലോറിയിൽ മര ഉരുപ്പടികൾ ഉൾപ്പെടെ കടത്തിയത്. മൊകേരിയിലെ ബിഎംഎസ്‌ പ്രവർത്തകൻ വിനോദ്‌ കെ  വാസുദേവാണ് ലോറി ഓടിച്ചത്. ധാന്യച്ചാക്കുകളുടെ മുകളിലായിരുന്നു മര ഉരുപ്പടികൾ. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ബാനർ കെട്ടിയ ലോറിയിൽനിന്ന്‌  നീലേശ്വരം ഓർച്ചയിലെ ഫർണിച്ചർ കടയിൽ മര ഉരുപ്പടികൾ ഇറക്കുന്നത് കണ്ട നാട്ടുകാരാണ്   പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. നീലേശ്വരം സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ലോറി കസ്റ്റഡിയിലെടുത്ത് ഹൊസ്‌ദുർഗ് തഹസിൽദാർക്ക് കൈമാറി.  ദുരിതാശ്വാസ വാഹനത്തിന്റെ മറവിൽ മര ഉരുപ്പടികൾ കടത്തിയത് ഡ്രൈവറുടെ അറിവോടെയാണെന്ന്  സേവഭാരതിക്കാർ  പറയുന്നുണ്ടെങ്കിലും മറ്റ് സാധനങ്ങൾക്ക് മുകളിൽ ഇത്രയും മര ഉരുപ്പടികൾ കയറ്റുമ്പോൾ ഭാരവാഹികളുടെ  ശ്രദ്ധയിൽപ്പെടാത്തത് സംശയാസ്പദമാണെന്ന്‌  നാട്ടുകാർ പറയുന്നു.   Read on deshabhimani.com

Related News