പയ്യന്നൂർ പെരുമാൾക്ക‌് പഞ്ചസാരക്കലവുമായി മുറതെറ്റാതെ മുസ്ലിം തറവാട്ടുകാരെത്തിപയ്യന്നൂർ  പ്രളയ ദുരന്തത്തിനിടയിലും മത സ‌്പർദ്ദ വളർത്തി തമ്മിലടിപ്പിക്കാനും മുതലെടുപ്പ‌് നടത്താനും ശ്രമിക്കുന്നവർ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഇൗ പരമ്പരാഗത ചടങ്ങ‌് കാണണം.  ഒരു കാലഘട്ടത്തിൽ തകർന്നു പോയ ക്ഷേത്രം  പുനർനിർമിക്കാൻ താഴക്കാട്ടു മനക്കാർക്കൊപ്പം കൈയ‌് മെയ‌് മറന്ന‌് ചില മുസ്ലിം തറവാട്ടുകാരും കൂടെയുണ്ടായിരുന്നു. പുതിയങ്ങാടിയിലെ കോയപ്പീടികയിൽ ഖാദർ കാരണവർ ക്ഷേത്ര പുനർനിർമിതിയിൽമാത്രമല്ല പിന്നീട‌് ക്ഷേത്രാചാര വേളകളിലും സാന്നിധ്യമറിയിച്ചിരുന്നു. അന്നത്തെ ക്ഷേത്ര നടയിൽ വെച്ച‌് കോയപ്പീടിക തറവാട്ടുകാർക്ക‌് മുഖ്യമായ സ്ഥാനം കൽപ്പിക്കണമെന്ന‌് തീരുമാനമുണ്ടായി. ഇതു പ്രകാരം പെരുമാളുടെ പുത്തരിക്കുള്ള നിവേദ്യത്തിൽ ചേർക്കേണ്ട പഞ്ചസാര ഇവരുടെ തറവാട്ടുകാരുടേതാവണമെന്ന‌് തീരുമാനിച്ചു. കോയപ്പീടിക തറവാട്ടുകാരുടെ അനന്തര തലമുറയിൽപ്പെട്ട കേളോത്ത‌് തറവാട്ടുകാരാണ‌് ഇപ്പോൾ ചടങ്ങ‌് നടത്തുന്നത‌്.  ക്ഷേത്രത്തിൽ പുത്തരി നാൾ കൽപിച്ചതോടെ ക്ഷേത്ര കണക്കപ്പിള്ളയും അധികാരികളും കേളോത്ത‌് തറവാട്ടിലെത്തി തീയതി അറിയിച്ചു. ബുധനാഴ‌്ച രാവിലെ ആറരയോടെ തറവാട്ട‌് കാരണവർ മൂസ ഹാജിയുടെ നേതൃത്വത്തിൽ  തറവാട്ടംഗങ്ങളായ  കെ സി സലാം, കെ ഷുക്കൂർ, കെ റഷ‌ീദ‌്,  കെ ഷാഹി, കെ ഹനീഫ എന്നിവർ പുത്തൻ മൺകലം നിറയെ പഞ്ചസാരയുമായി ക്ഷേത്ര സന്നിധിയിലെത്തി‌. ക്ഷേത്രം കലവറക്കാരൻ ടി എം ഉണ്ണികൃഷ‌്ണൻ,  ക്ലർക്ക‌് എം വി രാജൻ, കഴകക്കാരൻ പി ടി നാരായണ വാര്യർ എന്നിവർ  ക്ഷേത്രത്തിലേക്ക‌് സ്വീകരിച്ചു. ക്ഷേത്രത്തിനകത്തെ ബലിക്കല്ലിനു സമ‌ീപം സംഘം പഞ്ചസാരക്കലം സമർപ്പിച്ചു. മടക്കയാത്രയിൽ തറവാട്ടിലേക്ക‌് ഒരുകുല പഴം, പച്ചക്കായ, ആറിടങ്ങഴി അരി, 5 തേങ്ങ, 5 വെള്ളരിക്ക എന്നിവ  കേളോത്ത‌് തറവാട്ടുകാർക്ക‌് നൽകി.  ഈ നൂറ്റാണ്ടിലെ മഹാപ്രളയം ഓർമപ്പെടുത്തുന്നത‌് മതങ്ങൾക്കപ്പുറം മനുഷ്യനന്മ തിരിച്ചറിയാനുതകുന്ന ഇത്തരം ചടങ്ങുകൾ നിലനിൽക്കട്ടെ എന്നതാണ‌്.     Read on deshabhimani.com

Related News