മുസ്ലിംലീഗ‌് ഓഫീസിലെ സ‌്ഫോടനം സമഗ്ര അന്വേഷണം വേണം: പി ജയരാജൻ കണ്ണൂർ ഇരിട്ടിയിലെ മുസ്ലിം ലീഗ് ഓഫീസിൽ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനം സംബന്ധിച്ച‌് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു. ഒന്നരകിലോമീറ്റർ വിസ്തൃതിയിലുള്ള ജനങ്ങളെയാകെ ഞെട്ടിച്ച സ്ഫോടനമാണ് ലീഗ‌് ഓഫീസിൽ ഉണ്ടായത്. മാത്രമല്ല ഉഗ്രശേഷിയുള്ള ബോംബുകളും വടിവാളുകളും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. പൊതുവേ സമാധാനം നിലനിൽക്കുന്ന ഇരിട്ടിയിൽ സംഘർഷം സൃഷ്ടിക്കുന്നതിന്  സൂക്ഷിച്ചതാണ് ഇതെന്നാണ് മനസ്സിലാകുന്നത്. സ്ഫോടനം നടന്നയുടൻ എയർ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്ന് ബോധപൂർവം  ലീഗ് നേതൃത്വം പ്രചരിപ്പിച്ചത് എന്തിനായിരുന്നു. പൊലീസെത്തിയപ്പോൾ വലിയ അളവിലുള്ള വെടിമരുന്നിന്റെ അവശിഷ്ടമാണ് കണ്ടെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. അതോടൊപ്പം സ്ഫോടനത്തിനുശേഷം ബോധപൂർവം കള്ളപ്രചാരണം നടത്തിയ മുസ്ലിംലീഗ് പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്യണം. എങ്കിലേ  ഉള്ളുകള്ളികൾ പുറത്തുവരൂ. എയർ കംപ്രസ്സർ പൊട്ടിയെന്ന നുണ പ്രചാരണം ഏശിയില്ലെന്ന് വന്നപ്പോഴാണ് സിപിഐ എമ്മിന് എതിരായ അപവാദപ്രചാരണം ആരംഭിച്ചത്.അക്രമരാഷ്ട്രീയത്തിനെതിരായി ഘോരഘോരം പ്രസംഗിക്കുന്ന മുസ്ലിം ലീഗിനകത്ത് ഒരുപറ്റം തീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയമാണ് ലീഗിനുള്ളിൽനിന്ന് തന്നെ ഉയർന്നത്. മുൻപ് ലീഗ് കേന്ദ്രമായ പാനൂർ പാറാട്ട് ബോംബ് നിർമിക്കുന്നതിനിടെ ഇതുപോലെ സ്ഫോടനമുണ്ടായി നിരവധി ലീഗുകാർക്ക് മാരകമായി പരിക്കേറ്റിരുന്നു.  കേരളമാകെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിന്  ഒറ്റമനസ്സോടെ പ്രവർത്തിക്കുന്നതിനിടെ മുസ്ലിം ലീഗ് നാട്ടിലെ സമാധാനം തകർക്കുന്നതിന്  ഓഫീസിൽ ആയുധങ്ങൾ സംഭരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും പി ജയരാജൻ അഭ്യർത്ഥിച്ചു. Read on deshabhimani.com

Related News