പൂവിളിയും പൊലിമയുമില്ലാതെ ഓണാഘോഷം  കണ്ണൂർ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂവിളിയും പൊലിമയുമില്ലാതെ നാടെങ്ങും ലളിതമായ ഓണാഘോഷം. നാടിന്റെ പൊതുവായ ഉത്സവമായി മാറുന്ന ഓണം ഇക്കുറി പൂർണമായും വീടുകളുടെ അകത്തളങ്ങളിലൊരുങ്ങി. മുറ്റത്ത് പൂക്കളം ഒരുക്കുന്ന പതിവ് പോലും ഉപേക്ഷിച്ചാണ് പലരും ഓണമുണ്ടത്. നാടെങ്ങും കലാകായിക പരിപാടികളുമായി ഓണക്കാലം ആഘോഷഭരിതമാക്കുന്ന ശീലത്തിനാണ് മലയാളി ഔചിത്യപൂർവം അവധി നൽകിയത്. വിപണിയിൽനിന്ന് പുതുവസ്ത്രങ്ങളും സാധനങ്ങളും വാങ്ങുമ്പോൾ ഒരുപങ്ക് ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്ക് അയക്കാൻ കലക്ടറേറ്റിലെത്തിച്ചവരും നിരവധി. സംഘടനകളും കൂട്ടായ്മകളും ഓണാഘോഷത്തിന് സ്വരൂപിച്ച പണം ദുരിതാശ്വാസനിധിയിലേക്ക് നൽകി. പുതിയ സിനിമകളുടെ റിലീസിങ് ഒഴിവാക്കിയതിനാൽ തിയറ്ററുകളിലും ആളില്ലായിരുന്നു. ഉല്ലാസകേന്ദ്രങ്ങളിലും എത്തിയവരും കുറവായിരുന്നു. ബക്രീദും ആർഭാടം ഒഴിവാക്കി മാതൃകാപരമായാണ് ആഘോഷിച്ചത്. പള്ളികളിൽ അന്ന് സംഭാവനപ്പെട്ടി വച്ച് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചിരുന്നു. Read on deshabhimani.com

Related News