കെങ്കേമം ഈ ചക്ക വിഭവങ്ങൾ

കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ചക്ക മഹോത്സവത്തിൽനിന്ന‌്.


പേരാവൂർ   ‘നാട്ടുമധുരം നല്ല ഭക്ഷണം’ എന്ന സന്ദേശവുമായി കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച അഞ്ചാമത് ചക്ക മഹോത്സവം രുചിഭേദങ്ങളുടെ ഉത്സവമായി. ഇരിട്ടി ഗ്രീൻലീഫിന്റെ സ്‌നേഹപച്ച ഹരിതവിദ്യാലയ പരിപാടിയുടെ ഭാഗമായി  ഹരിതകേരളം പദ്ധതിയുടെയും സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും സഹകരണത്തോടെ  പിടിഎ  നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  സ‌്കൂളിലെ 1300  വിദ്യാർഥികൾ വീട്ടിൽനിന്ന് തയ്യാറാക്കിയ മുന്നൂറോളം വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങൾ പ്രദർശിപ്പിച്ചു. ഓരോ ക്ലാസിലും ചക്കയറിവ് പ്രദർശനവും ചക്കപ്പാട്ടുകളുടെ അവതരണവും നടന്നു. പ്ലാവിലയും പ്രകൃതി സൗഹൃദ വസ്തുക്കളും കൊണ്ട് ക്ലാസ് മുറികൾ അലങ്കരിച്ചു. ചക്കബ്രഡ്, ലഡു, പുഡ്ഡിങ്, വട, മധുരവട, ഇഡ്ഡലി, ചവിണി ചിപ്‌സ്, ഉണ്ണിയപ്പം, മുറുക്ക്, ഹൽവ,  കലത്തപ്പം, കിണ്ണത്തപ്പം, മസാലഫ്രൈ, ചിപ്‌സ്, പായസം, ജാം, കേക്ക്, അച്ചാർ, ഉപ്പുമാവ് തുടങ്ങി   ചക്കയെ പുതിയ കാലത്തിന്റെ രുചിഭേദങ്ങൾക്കനുസൃതമായി തയ്യാറാക്കി.   വിഭവങ്ങളുടെ വിശദമായ പാചക കുറിപ്പും  ഔഷധമൂല്യ മടക്കമുള്ള കാര്യങ്ങളും കുട്ടികൾ എഴുതി പ്രദർശിപ്പിച്ചിരുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷ്യവിഭവമായിട്ടും ആളുകൾ പാഴാക്കി കളയുന്ന ചക്കയുടെ ഉപയോഗത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രദർശനം വിദ്യാർഥികളുടെ പാഠഭാഗവുമായും ബന്ധപ്പെട്ട രീതിയിലാണ് ക്രമീകരിച്ചത്. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ചക്കപ്പാട്ടു പാടി  ഉദ്ഘാടനം ചെയ്തു. വി വി വിനോദ് അധ്യക്ഷനായി. Read on deshabhimani.com

Related News