വായനശാലകളും ക്ലബ്ബുകളും ദുരിതാശ്വാസ പ്രവർത്തനത്തിൽകണ്ണൂർ ജില്ലയിലെ ലൈബ്രറികളും ക്ലബ്ബുകളും ഓണാഘോഷപരിപാടികൾ മാറ്റിവെച്ച് ദുരിതാശ്വാസപ്രവർത്തനത്തിന് സജീവമാകുകയാണ്. സർക്കാരിന് കൈത്താങ്ങാവാൻ ഒരു കോടി രൂപയാണ് ജില്ലയിൽനിന്ന് ലൈബ്രറികൾ ശേഖരിച്ച് നൽകുന്നത്.  മാവിലേരി കുന്നോത്ത്പറമ്പ് ശ്രീനാരായണ ലൈബ്രറി 1,35,000 രൂപയാണ് ഓണാഘോഷത്തിന് പിരിച്ചത്. വെള്ളൂർ ജവഹർ ലൈബ്രറി കഴിഞ്ഞ ദിവസം ഒരുലക്ഷം രൂപ കൈമാറിയിരുന്നു. ഒതേനൻ ഗുരുക്കൾ സ്മാരക ലൈബ്രറി ഒഴക്രോം 50,000, പയ്യന്നൂർ സർഗേവദി കണ്ടോത്ത് 50,000, ഏച്ചിലാം വയൽ ഗ്രാമീണ ലൈബ്രറി 55,000,  കുണിയൻ സുപ്രിയ ലൈബ്രറി 50,000, കണിയേരി ജനകീയ വായനശാല നാൽപതിനായിരം തുടങ്ങി നിരവധി ലൈബ്രറികൾ ഫണ്ട് കൈമാറി. പാനൂർ പിആർ മെമ്മോറിയൽ ലൈബ്രറിക്കുവേണ്ടി മുൻ മന്ത്രി കെ പി മോഹനൻ അമ്പതിനായിരം രൂപയുടെ ചെക്ക് നൽകി. കരിവെള്ളൂർ എ വൺ ലൈബ്രറി രണ്ടുലക്ഷം രൂപയും കൈമാറി.  ആദ്യഘട്ട ഫണ്ട് ശേഖരണയാത്ര ഞായറാഴ്ച നടക്കും. രാവിലെ 9.30ന് പാനൂരിൽനിന്ന് ശേഖരണയാത്ര തുടങ്ങും. 10.30 തലശേരി, 11.30 കൂത്തുപറമ്പ്, 12.30 മട്ടന്നൂർ, 1.30 ശ്രീകണ‌്ഠപുരം, 2.30 മയ്യിൽ, 3.30 തളിപ്പറമ്പ്, 4.30 പുതിയതെരു, 5.30 കണ്ണൂർ, 27ന് വൈകിട്ട‌് 5ന് പെരിങ്ങോം, 28ന് വൈകിട്ട‌് 5ന് പയ്യന്നൂർ, 29ന് വൈകിട്ട‌് 5ന് മാടായി എന്നിവിടങ്ങളിൽനിന്ന‌് ഫണ്ട് സ്വീകരിക്കും.  ഇതിന്റെ ഭാഗമായുള്ള  മേഖലാ കൺവൻഷനുകൾ ആരംഭിച്ചു.  23, 24 തിയതികളിലായി മുഴുവൻ വായനശാലാ കമ്മിറ്റികളും പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മേഖലാ സെക്രട്ടറിമാരുടെയും വിപുലീകൃത യോഗം തീരുമാനിച്ചു. ചക്കരക്കല്ല്, പുതിയതെരു കൺവൻഷനിൽ പി കെ ബൈജു, എം മോഹനൻ, കണ്ണൂർ മേഖലാ കൺവൻഷനിൽ എ പങ്കജാക്ഷൻ, തലശേരിയിൽ സി സോമൻ, കൂത്തുപറമ്പിൽ ഇ നാരായണൻ, പാനൂരിൽ കവിയൂർ രാജഗോപാലൻ, കൂടാളിയിൽ കെ പി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. മറ്റ് മേഖലാ കൺവൻഷനുകൾ വ്യാഴാഴ്ച നടക്കും. ഓണത്തിനുശേഷം ബോധവൽക്കരണ ക്ലാസുകളും ലൈബ്രറികൾ കേന്ദ്രീകരിച്ച് നടക്കും. Read on deshabhimani.com

Related News