സൈന്യം എത്താത്തിടത്തും സധൈര്യംകണ്ണൂർ സൈന്യം എത്താത്തിടത്തു സധൈര്യം രക്ഷാപ്രവർത്തനെത്തിയ അനുഭവമാണ് ജില്ലയിൽ നിന്ന് പോയ 118 മത്സ്യത്തൊഴിലാളികൾക്കും പങ്കുവെക്കാനുള്ളത്.  വീടുകൾക്കു മുകളിൽ നിന്ന്  രക്ഷപ്പെടുത്തിയ വൃദ്ധരും സ്ത്രീകളും കുട്ടികളുമുൾക്കൊള്ളുന്ന നൂറുകണക്കിനാളുകളുടെ മുഖത്ത് നിറഞ്ഞ സന്തോഷമാണ് ഏറ്റവും വലിയ പുരസ്കാരമെന്ന് ആയിക്കരയിൽ നിന്ന് ചാലക്കുടിയിൽ രക്ഷാപ്രവർത്തനം നടത്തിയ തയ്യിൽ സ്വദേശി  എസ് ബിജോയ് പറഞ്ഞു.   പുഴയോടുചേർന്നുകിടക്കുന്ന കുത്തൊഴുക്കുള്ള പ്രദേശത്തായിരുന്നു രക്ഷാ പ്രവർത്തനം. നാവിക സേനപോലും പോകാൻ മടിച്ച സ്ഥലത്തേക്കാണ് പോകേണ്ടതെന്നും ധൈര്യമുണ്ടെങ്കിൽ മാത്രം ഇറങ്ങിയാൽ മതിയെന്നും വഴികാട്ടാൻ വന്ന പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. റോഡുകളിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കും മതിലുകൾക്കും മുകളിലൂടെയായിരുന്നു പലയിടങ്ങളിലും വള്ളങ്ങളോടിച്ചു പോയത്. മുളകൊണ്ട് കുത്തി ആഴം നോക്കിയ ശേഷമാണ് വള്ളമോടിച്ചത്.  പകൽ ആളുകളെ രക്ഷപ്പെടുത്തലും രാത്രി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിക്കുകയുമായിരുന്നു ജോലി. രക്ഷാ പ്രവർത്തനങ്ങൾക്കൊപ്പം പ്രളയബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സമാഹരിച്ചതായും പരമ്പരാഗത ചെറുതോണി മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി സെക്രട്ടറികൂടിയായ ബിജോയ് പറഞ്ഞു. വി പി പ്രജിത്ത്, ടി ഉഷാജി, സി പി നജീബ്, സി മദനൻ, എൻ സലീം, കെ കെ മജീദ്, എം ദിനേശൻ എന്നിവരും ആയിക്കര സംഘത്തിലുണ്ടായിരുന്നു.  ജില്ലയിൽനിന്ന് ആയിക്കര കൂടാതെ മുഴപ്പിലങ്ങാട്, അഴീക്കൽ, ന്യൂമാഹി, തലായി, ഗോപാൽപേട്ട എന്നിവിടങ്ങളിൽനിന്നായി 118 മത്സ്യത്തൊഴിലാളികളാണ് ഫിഷറീസ് വകുപ്പിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.   Read on deshabhimani.com

Related News