ഇരിട്ടി മേഖലയിലെ കാലവർഷക്കെടുതി സിപിഐ എം കലക്ടർക്ക‌് നിവേദനം നൽകികണ്ണൂർ  അതിശക്തമായ കാലവർഷത്തെ  തുടർന്ന‌് വൻനാശത്തിനിരയായവർക്ക‌് അർഹമായ നഷ്ടപരിഹാരം നൽകുകയും റോഡ‌് നവീകരണം അടക്കമുള്ള വിഷയങ്ങളിൽ അടിയന്തരമായി ഇടപെട്ട‌് പരിഹാരം കാണുകയും വേണമെന്ന‌് ആവശ്യപ്പെട്ട‌് സിപിഐ എം ജില്ലാ കമ്മിറ്റി കലക്ടർക്ക‌് നിവേദനം നൽകി.  പായം, അയ്യംകുന്ന് പഞ്ചായത്തുകളിലാണ‌് പ്രധാനമായും നാശമുണ്ടായത്. 16 വീടുകൾ പായം പഞ്ചായത്തിലും 2 വീട് അയ്യംകുന്ന് പഞ്ചായത്തിലും ഉരുൾപൊട്ടലിലും കുത്തൊഴുക്കിലുംപെട്ട് ഒഴുകിപ്പോയി. രണ്ടുപേർ ഒഴുക്കിൽപ്പെട്ട‌് മരിച്ചു. മുപ്പതോളം വീടുകൾക്ക് ഭാഗികമായ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. കൂട്ടുപുഴ﹣മാക്കൂട്ടം  റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിർത്തിയിരിക്കുകയാണ്.  വ്യാപകമായ കൃഷിനാശവുമുണ്ടായി. ആധാർ കാർഡ്, ഐഡി കാർഡ്, റേഷൻ കാർഡ് തുടങ്ങിയ ആധികാരിക രേഖകളും പലർക്കും നഷ്ടപ്പെട്ടു. വീടും സ്ഥലവും നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമാണത്തിന്  പായം പഞ്ചായത്ത് മുൻകൈയെടുത്ത്   നാട്ടുകാരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി  സ്ഥലത്ത് ഫ്ളാറ്റും തൊഴിൽ സംരംഭവും ആരംഭിക്കുന്നതിന‌് പാക്കേജ് തയ്യാറാക്കി വീട് നിർമാണം ഉടൻ ആരംഭിക്കുക,  മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുക, ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടുകൾക്ക് അറ്റകുറ്റപ്പണിക്ക് ആവശ്യമായ സാമ്പത്തികസഹായം അനുവദിക്കുക, കാലവർഷത്തെ തുടർന്ന് തകർന്ന കൂട്ടുപുഴ﹣മാക്കൂട്ടം റോഡ് ഗതാഗത യോഗ്യമാക്കാൻ അടിയന്തര നടപടിയെടുക്കുക, കൃഷിനാശം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപ്പെട്ട ആധികാരിക രേഖ അടിയന്തരമായി ലഭ്യമാക്കാൻ നടപടിയെടുക്കുക, പുനരധിവാസ ക്യാമ്പുകളിലേക്ക് മാറി താമസിച്ചവർക്ക് സൗജന്യ റേഷൻ അനുവദിക്കുക, വീട് നിർമാണം പൂർത്തിയാക്കുന്നതുവരെ വാടക വീടുകളിൽ താമസിക്കുന്നവർക്ക് വീട്ടുവാടക അനുവദിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ‌് നിവേദനം നൽകിയത‌്. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ  എം പ്രകാശൻ, പി ഹരീന്ദ്രൻ എന്നിവരാണ‌് നിവേദനം സമർപ്പിച്ചത‌്.  അടിയന്തര നടപടിയെടുക്കാമെന്ന്  കലക്ടർ മിർ മുഹമ്മദലി നിവേദക സംഘത്തിന് ഉറപ്പ് നൽകി. Read on deshabhimani.com

Related News