ഗ്രാമീൺ ബാങ്ക് പെൻഷൻ: നേട്ടം 1.2 ലക്ഷം പേർക്ക്കെ ടി ശശി കണ്ണൂർ ഗ്രാമീൺ ബാങ്ക് ജീവനക്കാർക്ക് പെൻഷൻ നടപ്പാക്കുന്നതിന്റെ മുന്നോടിയായി കേന്ദ്ര ധന മന്ത്രാലയം രാജ്യത്തെ മുഴുവൻ ഗ്രാമീൺബാങ്ക് ചെയർമാന്മാർക്കും സ്പോൺസർ ബാങ്ക് സിഎംഡി/എംഡിമാർക്കും കത്തയച്ചു. സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന് കാണിച്ചാണ് ധന മന്ത്രാലയത്തിലെ ഫിനാൻഷ്യൽ സർവീസസ് വകുപ്പ് ഡയറക്ടർ (ആർആർബി) മനീഷ് ഗുപ്ത കത്തയച്ചത്. പെൻഷൻ നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾക്ക് കഴിഞ്ഞദിവസം ധനവകുപ്പിൽ ചേർന്ന ഉന്നതല യോഗം രൂപം നൽകിയിരുന്നു.  ഗ്രാമീൺ ബാങ്കുകളിൽ നിലവിൽ സർവീസിലുള്ള മുഴുവൻ ജീവനക്കാർക്കും 1987 സെപ്തംബർ ഒന്നിനുശേഷം വിരമിച്ചവർക്കും ബാധകമാകുന്ന തരത്തിലാണ് പെൻഷൻ നടപ്പാക്കുന്നത്. മൊത്തം 1.2 ലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ തൊണ്ണൂറായിരത്തോളം ജീവനക്കാരാണ്‌ രാജ്യത്തെ 56 ഗ്രാമീണ ബാങ്കുകളിലായുള്ളത്‌. വിരമിച്ച 30,000 പേർക്ക് ഉടൻ പെൻഷൻ ലഭിച്ചുതുടങ്ങുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഈ വർഷം മാർച്ച് 31 വരെ സർവീസിലുണ്ടായിരുന്നവർക്ക് ദേശസാൽകൃത ബാങ്കിൽ നിലവിലുള്ള പെൻഷൻ സ്കീം പ്രകാരം പെൻഷൻ ലഭ്യമാകുമെന്നതും ശ്രദ്ധേയമാണ്. ദേശസാൽകൃത ബാങ്കുകളിൽപോലും 2010 ഏപ്രിൽ ഒന്നിനുശേഷം സർവീസിൽ ചേർന്നവർക്ക് പുതിയ ദേശീയ പെൻഷൻ പദ്ധതി പ്രകാരമുള്ള പങ്കാളിത്ത പെൻഷനാണ്. അതേസമയം, ഗ്രാമീണ ബാങ്കുകളിൽ 2018 ഏപ്രിൽ ഒന്നിനുശേഷം ചേരുന്നവർക്കുമാത്രം പങ്കാളിത്ത പെൻഷൻ ബാധകമാക്കാനാണ് ധാരണ. ധനമന്ത്രിയടക്കമുള്ളവർ നേരിട്ട് ഇടപെട്ടാലേ ഇതിൽ മാറ്റം വരാൻ സാധ്യതയുള്ളൂ. 1975ലാണ് ഗ്രാമീണ ബാങ്കുകൾ നിലവിൽ വന്നതെങ്കിലും ദേശസാൽകൃത ബാങ്കുകളുടേതിനു തുല്യമായ വേതന ഘടനയും സർവീസ് ആനുകൂല്യങ്ങളും നടപ്പാക്കിയത് 1987 സെപ്തംബർ ഒന്നുമുതലാണ്. ഇത‌് കണക്കിലെടുത്താണ് ഈ തീയതിമുതൽ വിരമിച്ചവർക്ക് പെൻഷൻ നടപ്പാക്കാനുള്ള തീരുമാനമെന്നറിയുന്നു.  ഗ്രാമീണ ബാങ്കുകളിലും ദേശസാൽകൃത ബാങ്കുകളിലെപ്പോലെ പെൻഷൻ നടപ്പാക്കണമെന്ന് കഴിഞ്ഞ ഏപ്രിൽ 25നാണ് സുപ്രീം കോടതി ഉത്തരവായത്. ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ ഓൾ ഇന്ത്യാ റീജണൽ റൂറൽബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ നേരത്തെ കർണാടക, രാജസ്ഥാൻ  ഹൈക്കോടതികൾ സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കേന്ദ്ര ധനമന്ത്രാലയം ഇതിനെതിരെ പ്രത്യേകാനുമതി ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മൂന്നു മാസത്തിനകം പെൻഷൻ നടപ്പാക്കണമെന്ന ഹൈക്കോടതി വിധികൾ ശരിവച്ച സുപ്രീംകോടതി, സർക്കാർ ഹർജി തള്ളി.     Read on deshabhimani.com

Related News