ഇ പി ജയരാജന്റെ തിരിച്ചുവരവ് കണ്ണൂരിന്റെ കുതിപ്പിന് ഊർജമാകുംകണ്ണൂർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മട്ടന്നൂർ എംഎൽഎയുമായ ഇ പി ജയരാജൻ സംസ്ഥാന മന്ത്രിസഭയിൽ തിരികെയെത്തിയത് കണ്ണൂർ ജില്ലക്കുള്ള ഓണസമ്മാനമായി. അടിസ്ഥാന വികസനരംഗത്തും വ്യാവസായികമേഖലയിലും വൻ കുതിപ്പിനൊരുങ്ങുന്ന ജില്ലക്ക് മന്ത്രിയെന്ന നിലയിലുള്ള ജയരാജന്റെ സാന്നിധ്യം വലിയ നേട്ടമാകും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സെപ്തംബറിൽ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വിമാനത്താവളം ഉൾപ്പെട്ട മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ പി ജയരാജൻ വീണ്ടും മന്ത്രിയായതെന്നതും ശ്രദ്ധേയമാണ്. വ്യോമയാത്രാ സൗകര്യം എന്നതിനപ്പുറം ഉത്തരകേരളത്തിന്റെ സമഗ്രവികസനത്തിലേക്കുള്ള വാതായനമാണ് കണ്ണൂർ വിമാനത്താവളം തുറന്നു തരുന്നത്. വ്യാവസായികമേഖലയിൽ അതിവിപുലമായ സാധ്യതകളുണ്ട്. ഇതു മുൻകൂട്ടി കണ്ട് ഒട്ടേറെ നടപടികൾക്ക് തുടക്കംകുറിച്ച ഘട്ടത്തിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ രാജി. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലുമായി അയ്യായിരം ഏക്കർ ഭൂമിയാണ്  വ്യവസായ ആവശ്യങ്ങൾക്കും മറ്റുമായി കണ്ടെത്തിയത്. ഇവിടെ ആധുനികരീതിയിലുള്ള കയറ്റുമതിയുന്മുഖ വ്യവസായ പാർക്കുകളും മറ്റും സജ്ജമാക്കുന്നതിൽ വ്യവസായമന്ത്രിയെന്ന നിലയിൽ ജയരാജന്റെ മുൻകൈ നാടിന് അനുഗ്രഹമാകും. 1957ലെ ആദ്യ ഇ എം എസ് സർക്കാരിൽ വ്യവസായമന്ത്രിയായിരുന്ന കെ പി ഗോപാലനുശേഷം കണ്ണൂർ ജില്ലയിൽനിന്ന് ഈ വകുപ്പു കൈയാളുന്ന ആദ്യമന്ത്രിയാണ് ഇ പി ജയരാജൻ. അതുകൊണ്ടുതന്നെ ജില്ലയുടെ വ്യാവസായിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ അദ്ദേഹം തുടക്കംമുതൽ ശ്രമം നടത്തിയിരുന്നു. കെൽട്രോൺ, കേരള ക്ലെയ്സ് ആൻഡ് സിറാമിക്സ്, ഹാൻവീവ്, കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ തുടങ്ങി ജില്ലയിലെ ചെറുതും വലതുമായ വ്യവസായ സ്ഥാപനങ്ങളെല്ലാം പുനരുദ്ധരിക്കാൻ നടപടി സ്വീകരിച്ചു. കൈത്തറി ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ രക്ഷിച്ചെടുക്കുന്നതിന് ശ്രദ്ധേയമായ ചുവടുവയ്പ്പാണ് നടത്തിയത്. സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി കൈത്തറി യൂണിഫോം നൽകാനുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ ജയരാജന്റെ ഇച്ഛാശക്തിയാണ്. ഇത്തരം പ്രവർത്തനങ്ങളെല്ലാം കൂടുതൽ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് അദ്ദേഹത്തിന്റെ തിരിച്ചുവരവ് കരുത്തേകും. കായിക മേഖലയിലും ജില്ല ഏറെ പ്രതീക്ഷയിലാണ്. എടുത്തുപറയാവുന്ന  ഇടപെടലുകൾ നടത്തിയതുമാണ്.  ജില്ലയുടെ സർവതലസ്പർശിയായ വികസനത്തിലും മുന്നേറ്റത്തിലും അദ്ദേഹത്തിന്റെ സ്ഥാനലബ‌്ധി ഏറെ ഗുണം ചെയ്യും. Read on deshabhimani.com

Related News