നഷ്ടപ്പെട്ട സസ്യസമ്പത്ത് വീണ്ടെടുക്കാൻ ജില്ലാപഞ്ചായത്ത്കണ്ണൂർ മഴക്കെടുതിയെതുടർന്ന് ജില്ലയിൽ നഷ്ടപ്പെട്ട സസ്യസമ്പത്ത് വീണ്ടെടുക്കാൻ ജില്ലാ പഞ്ചായത്തിന്റെയും ജൈവ വൈവിധ്യ ബോർഡിന്റെയും സംയുക്ത പദ്ധതിവരുന്നു. ഔഷധ സസ്യങ്ങൾ, പൂമ്പാറ്റകൾ ഉൾപ്പെടെയുള്ള ചെറുജീവികളുടെ ആവാസ വ്യവസ്ഥയായ സസ്യങ്ങൾ, നശിച്ചുപോയ മറ്റ് അപൂർവ സസ്യങ്ങൾ എന്നിവ വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക്. പ്രളയത്തെ തുടർന്ന് വിവിധ മേഖലകളിൽ സസ്യസമ്പത്ത്് വൻതോതിൽ നശിച്ചിട്ടുണ്ട്. ഇത് നമ്മുടെ ആവാസ വ്യവസ്ഥക്ക് വലിയ വെല്ലുവിളിയാവുമെന്നാണ് വിദഗ്ധാഭിപ്രായം. പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് ധാരണയായത്. ജില്ലാ പഞ്ചായത്തിന്റെ ഫാമുകളിലൂടെയാണ് സസ്യങ്ങൾ ഉൽപാദിപ്പിക്കുക. പ്രളയ ബാധിത പ്രദേശങ്ങളിലെ കർഷകർക്കും സ്ഥാപനങ്ങൾക്കുമായിരിക്കും തൈകളും വിത്തും വിതരണം ചെയ്യുക. പ്രളയത്തെ തുടർന്ന് തകർന്ന റോഡുകളിൽ കൊട്ടിയൂർ, അയ്യൻകുന്ന് എന്നിവിടങ്ങളിലെ പോലെ അടിയന്തര പ്രാധാന്യം അർഹിക്കുന്ന റോഡുകൾ ഗ്രാമ ‐ ബ്ലോക്ക് ‐ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തും. ബാക്കിയുള്ള എല്ലാ റോഡുകളും അറ്റകുറ്റപ്പണി നടത്തുന്നതിന് കേന്ദ്രഫണ്ട് ലഭിക്കുന്നത് വരെ കാത്തിരിക്കും. ആറുമീറ്റർ വീതിയുള്ള റോഡുകൾക്കാണ് കേന്ദ്രസഹായം ലഭിക്കുക. കേന്ദ്രസഹായം ലഭിച്ചില്ലെങ്കിൽ മാത്രം ഇവ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നേരെയാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു.  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണപ്പൂകൃഷി വൻ വിജയമായി. പൂക്കള മത്സരങ്ങൾ ഇല്ലാതിരുന്നിട്ടു പോലും പൂക്കൾ വിറ്റുപോയി. ഇപ്പോഴും ജില്ലാ പഞ്ചായത്തിന്റെ പൂക്കൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. നിലവിൽ വിൽക്കാൻ പാകത്തിൽ ഒരു ടണ്ണിലേറെ പൂക്കൾ ഉണ്ട്. പൂകൃഷി സംബന്ധിച്ച സമഗ്രമായ കണക്ക് അടുത്ത യോഗത്തിൽ സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ജില്ലാ പഞ്ചായത്ത് നിർദേശം നൽകി.  ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിങ‌് കമ്മിറ്റി അധ്യക്ഷരായ വി കെ സുരേഷ് ബാബു, കെ പി ജയബാലൻ, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കാരായി രാജൻ, ആർ അജിത, പി പി ഷാജിർ, കെ നാണു, മാർഗരറ്റ് ജോസ്, അജിത്ത് മാട്ടൂൽ, സുമിത്ര ഭാസ്കരൻ, തോമസ് വർഗീസ്, സണ്ണി മേച്ചേരി, അൻസാരി തില്ലങ്കേരി, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News