ബിജെപിയെ താഴെയിറക്കാൻ കൂടുതൽ ജനവിഭാഗങ്ങൾ മുന്നോട്ടുവരുന്നു: ഇ പി

പി കെ നാരായണൻ മാസ്റ്റർ അനുസ്മരണത്തിന്റെ ഭാഗമായി നെരുവമ്പ്രത്ത്‌ ചേർന്ന പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു


കണ്ണൂർ ജനദ്രോഹഭരണത്തിൽ റെക്കോഡിട്ട ബിജെപിയെ താഴെയിറക്കാൻ കൂടുതൽ ജനവിഭാഗങ്ങൾ മുന്നോട്ടുവരികയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. ഇനി ബിജെപിക്ക് ഭരണം ലഭിക്കാതിരിക്കാനുള്ള ഐക്യമാണ് രാജ്യത്ത് രൂപപ്പെടുന്നത്.  ന്യൂനപക്ഷത്തിന്റെ വോട്ട് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഇനിയത് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് ജനങ്ങൾ. ഇതിനായി കൂടുതൽ പ്രസ്ഥാനങ്ങളും ജനവിഭാഗങ്ങളും ഐക്യപ്പെടുകയാണ്. ഈ ഐക്യം വളർന്ന് ബിജെപിക്കെതിരായ ഒരു മഹാപ്രസ്ഥാനം രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സി പി കരുണാകരൻ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി കുറ്റൂരിലും പി കെ നാരായണൻ മാസ്റ്റർ അനുസ്മരണത്തിന്റെ ഭാഗമായി നെരുവമ്പ്രത്തും നടന്ന പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു  ഇ പി.  വൻകിട കുത്തകകളുടെ കടം കേന്ദ്രസർക്കാർ എഴുതിത്തള്ളുമ്പോൾ പാവപ്പെട്ടവരുടെ കടം അതുപോലെ നിൽക്കുന്നു. ഉൽപന്നങ്ങളുടെ വിലത്തകർച്ചയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവുംമൂലം കടക്കെണിയിലാകുന്ന കർഷകരടക്കമുള്ള സാധാരണക്കാരനെ തിരിഞ്ഞുനോക്കാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ ബിജെപി സർക്കാർ ഉള്ള തൊഴിൽ തന്നെ നിഷേധിക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധനയ്ക്ക് കോൺഗ്രസും ബിജെപിയും ഒരുപോലെ ഉത്തരവാദികളാണ്. പെട്രോളിന്റെ വിലനിർണയാധികാരം കോൺഗ്രസാണ് കമ്പനികൾക്ക് കൊടുത്തതെങ്കിൽ ഡീസലിന്റെ കാര്യത്തിൽ ബിജെപിയാണ് തീരുമാനമെടുത്തത്.  രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അപകടകരമായ നിലയിലേക്കാണ് മോഡി സർക്കാർ കൊണ്ടുപോകുന്നത്. ഇതിനുപുറമെയാണ് ജനങ്ങളെ തമ്മിലടിപ്പിച്ചുള്ള ഭരണം. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള ബദലാണ് ബിജെപിക്കെതിരെ രാജ്യത്ത് ഉയർന്നുവരുന്നതെന്നും ഇ പി പറഞ്ഞു.       Read on deshabhimani.com

Related News