കുരുക്കഴിയണം; കുതിക്കാൻ

ചൊവ്വാഴ‌്ച കണ്ണൂർ നഗരത്തിലുണ്ടായ ഗതാഗതക്കുരുക്ക‌്


കണ്ണൂർ കണ്ണൂർ നഗരത്തിലെ ഗതാഗതത്തിരക്കിന‌് എന്നാണ് പരിഹാരമുണ്ടാവുക. ഈ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി.  പുതിയതെരു മുതൽ താഴെചൊവ്വ വരെയാണ് നഗരത്തിലെ തിരക്കിന്റെ  പ്രധാന കേന്ദ്രങ്ങൾ. എവിടെ വച്ചും ഗതാഗതക്കുരുക്ക് രൂപപ്പെടാം. മണിക്കൂറുകളോളം നീങ്ങാനും നിരങ്ങാനും വഴിയില്ലാതെ വാഹന യാത്ര ഗതിമുട്ടും. ദിനംപ്രതി വർധിക്കുന്ന  വാഹന ബാഹുല്യവും അതിനനുസരിച്ച് വർധിക്കാത്ത  സൗകര്യങ്ങളും തന്നെയാണ് കുരുക്കിന്റെ അടിസ്ഥാന കാരണം.  പത്ത് വർഷം മുമ്പത്തെ കണക്കനുസരിച്ചു ചെറുതും വലുതുമായ 78 റോഡുകളാണ്‌ നഗരത്തിൽ ഉണ്ടായിരുന്നത്. അൽപം വീതികൂട്ടുകയും ചിലത് ടാർ ചെയ്യുകയും ചെയ്തതല്ലാതെ പുതിയ റോഡുകളൊന്നും വന്നിട്ടില്ല. വാഹനങ്ങളാകട്ടെ പതിന്മടങ്ങ് വർധിച്ചു.  അനധികൃത പാർക്കിങ‌് തടയൽ, നിയമം പാലിച്ചുള്ള ഡ്രൈവിങ്, ബസ്‐ ഒാട്ടോ എന്നിവ തോന്നുംപോലെ നിർത്തുന്നത് നിയന്ത്രിക്കൽ, വരിതെറ്റാതെയുള്ള ഡ്രൈവിങ് തുടങ്ങിയ കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ കുരുക്ക് ഒഴിവാക്കാം. താഴെചൊവ്വ മുതലാണ്  ഗതാഗതക്കുരുക്ക് തുടങ്ങുന്നത്. ചാല ബൈപാസ് വഴിയും റെയിൽവേ ഗേറ്റ് വഴിയും തടസ്സമില്ലാതെ ചൊവ്വഗേറ്റ്വരെ വാഹനങ്ങൾ കടന്നു വരുന്നു. പിന്നെയാണ് ഇഴയേണ്ടി വരുന്നത്.   താഴെചൊവ്വയിൽനിന്ന് തിലാന്നൂർ റൂട്ടിലേക്ക് തിരിയുന്നിടത്താണ് ആദ്യ കുരുക്ക്. അത് പുതിയ പാലം കടന്നു  തെഴുക്കിലെ പീടിക വരെ എത്തും.  അടുത്തത് മേലെചൊവ്വയിലാണ്. ഇവിടെ 12 മീറ്റർ മുതൽ 16 മീറ്റർ വരെ മാത്രമാണ് റോഡിന്റെ വീതി.അതുകഴിഞ്ഞാൽ പുതിയ ഹോട്ടൽ കാരണം കണ്ണോത്തുംചാലിൽ ഒരു വശത്തും കുരുക്ക് മുറുകുന്നു. ട്രെയിനിങ് സ്കൂളിന് സമീപമുള്ള മാളിന് മുന്നിലാണ് അടുത്ത തടസ്സം. തുടർന്ന‌് ദേശീയപാതയിലെ കുരുക്ക് തളാപ്പിൽ എ കെ ജി ആശുപത്രിക്കും കൊയിലി ആശുപത്രിക്കും ഇടയിലാണ്. കൊയിലിക്ക് മുന്നിലെ റോഡിന്റെ വീതി കുറവാണ് കാരണം. ബസുകൾ റോഡിൽ കയറ്റി നിർത്തുന്നു. അതോടെ പിന്നിലുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയില്ലാതാവും. പുതിയതെരുവിലെത്തുമ്പോൾ കുരുക്ക് കൂടുതൽ മുറുകും. നഗരത്തിൽ പഴയ ബസ്സ്റ്റാൻഡിൽനിന്ന് റെയിൽവേ സ്റ്റേഷൻ വഴി പ്ലാസവരെയും കുരുക്ക‌് തന്നെ.  നഗര മധ്യത്തിലേക്ക്  ആവശ്യമില്ലാതെ വാഹനങ്ങൾ കടന്നുവരുന്നത് ഒഴിവാക്കുകയാണ് കുരുക്ക് പരിഹരിക്കാനുള്ള ഒരു മാർഗം.  തളിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ബൈപാസ് റോഡുണ്ടെങ്കിൽ നേരിട്ട് നഗരം തൊടാതെ കടന്നുപോകാം. അതിനായാണ് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടാലിൽ നിന്ന് എളയാവൂർ, പുഴാതി വഴി പാപ്പിനിശേരി എത്തുന്ന  ബൈപാസ് തീരുമാനിച്ചത്. സർവെയും സ്ഥലമെടുപ്പ്  നടപടിയും ഊർജിതമായി നടന്നു.  തുടർന്ന‌് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ  അഞ്ച് വർഷം പദ്ധതി അട്ടത്തുവച്ചു. ഇപ്പോൾ വീണ്ടും നടപടി ആരംഭിച്ചിട്ടുണ്ട‌്. സ്ഥലമെടുപ്പിന്റെ പേരിൽ ഉയരുന്ന എതിർപ്പ‌് പദ്ധതി വൈകിപ്പിക്കുന്നു.  ബൈപാസിനുള്ള നടപടി ആരംഭിച്ചിട്ട് 10 വർഷമായി. ബൈപാസ് ഉടൻ വരുമെന്ന പ്രതീക്ഷയിൽ മേലേചൊവ്വയിൽ ആസൂത്രണം ചെയ്ത ഓവർ ബ്രിഡ്ജ് അനിശ്ചിതത്വത്തിലാണ്.     Read on deshabhimani.com

Related News