നവകേരളത്തിനായി കൈകോർക്കാൻ നാടൊന്നാകെകണ്ണൂർ നവകേരളത്തിനായി മനസ്സറിഞ്ഞ് സംഭാവന നൽകാൻ നാടൊന്നാകെ അണിചേരുകയാണ്. പ്രളയദുരന്തത്തിൽനിന്ന് കരകേറ്റാനും കേരളത്തെ പുനർ നിർമിക്കാനുമുള്ള പരിശ്രമങ്ങളിൽ അണിചേരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റുകയാണ്.  ജാതി‐മത‐ രാഷ്ട്രീയ ഭേദമില്ലാതെ സമ്പന്നരും സാധാരണക്കാരും ഒരുപോലെ സഹജീവി സ്നേഹത്താൽ തുടിക്കുന്ന ഹൃദയവുമായി നവകേരളത്തിനായുള്ള വിഭവ സമാഹരണത്തിൽ പങ്ക് വഹിക്കാനെത്തുന്ന ആവേശകരമായ കാഴ്ചയാണെങ്ങും. ജില്ലയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ധനസമാഹരണ യജ്ഞം ജനകീയ കൂട്ടായ്മയുടെ മഹാമാതൃകയാവുകയാണ്. മന്ത്രിമാരായ ഇ പി ജയരാജന്റെയും കെ കെ ശൈലജയുടെയും നേതൃത്വത്തിൽ ചൊവ്വാഴ്ച എട്ട് കേന്ദ്രങ്ങളിൽ നടന്ന ധനസമാഹരണ പരിപാടിയിൽ 4,45,54,212 രൂപയും 88 സെന്റ് ഭൂമിയുമാണ് ലഭിച്ചത്.  ഓരോ പ്രദേശത്തെയുംപ്രധാന വ്യക്തികൾ, വിദ്യാർഥികൾ, കുടുംബശ്രീ പ്രവർ ത്തകർ, അങ്കണവാടി ജീവനക്കാർ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ക്ഷേത്രകമ്മിറ്റികൾ, മഹല്ല് കമ്മിറ്റികൾ, സാംസ്കാരിക സംഘടനകൾ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ളവരും സംഭാവന നൽകി.  കണ്ണപുരം, മാടായി, പയ്യന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ  വ്യവസായ മന്ത്രി ഇ പി ജയരാജനും മൂന്നുപെരിയ, ചക്കരക്കൽ, പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി. കല്യാശേരി, പാപ്പിനിശേരി, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകൾക്കായാണ് കണ്ണപുരം ഗവ.എൽ പി സ്കൂളിൽ ഫണ്ട് ശേഖരണം സംഘടിപ്പിച്ചത്.  മൊത്തം 1,10,32,716 രൂപ ഇവിടെനിന്നു പിരിഞ്ഞുകിട്ടി. മാടായി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ (കടന്നപ്പള്ളി, മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകൾ) 81,78,151 രൂപയും പയ്യന്നൂർ നഗരസഭാ ഹാളിൽനിന്ന് (പയ്യന്നൂർ നഗരസഭ, കരിവെള്ളൂർ‐പെരളം, രാമന്തളി പഞ്ചായത്തുകൾ) 60,92,226 രൂപയും പെരിങ്ങോം പഞ്ചായത്ത് ഹാളിൽനിന്ന് (കാങ്കോൽ‐ആലപ്പടമ്പ, പെരിങ്ങോം, എരമം, ചെറുപുഴ പഞ്ചായത്തുകൾ) 20,88,552 രൂപയും 50 സെന്റ് സ്ഥലവും ലഭിച്ചു.  മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ നടന്ന ഫണ്ട് ശേഖരണത്തിൽ (പെരളേേശരി, കടമ്പൂർ പഞ്ചായത്തുകൾ) 27,33,373 രൂപയും ചക്കരക്കൽ ഗോകുലം കല്യാണ മണ്ഡപത്തിൽ (മുണ്ടേരി, അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകൾ) 60,71,090 രൂപയും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ (പേരാവൂർ, കേളകം, കൊട്ടിയൂർ, കണിച്ചാർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്ത്) 40,11,354 രൂപയും 24 സെന്റ് സ്ഥലവും ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ (ഇരിട്ടി നഗരസഭ, പടിയൂർ, ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകൾ) 43,46,750 രൂപയും 14 സെന്റ് സ്ഥലവും ലഭിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയവും തദ്ദേശ സ്ഥാപനങ്ങളിലെയും മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ ഒരു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള സമ്മത പത്രവും ചടങ്ങുകളിൽ മന്ത്രിമാർക്ക് കൈമാറി. Read on deshabhimani.com

Related News