എംപി ഫണ്ട്: കണ്ണൂരിൽ 13.54 കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായികണ്ണൂർ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് 13.54 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായി. 2014‐15 മുതൽ 2018‐19 വരെയുള്ള കാലയളവിൽ പി കെ ശ്രീമതി എംപിയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളുടെ അവലോകന യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്. ഭരണാനുമതി ലഭിച്ച 16.80 കോടി രൂപയുടെ പ്രവൃത്തികളിൽ 13.54 കോടി രൂപയുടെ പ്രവൃത്തികളാണ് പൂർത്തിയായത്. ആകെ അനുവദിച്ച തുകയുടെ 80.56 ശതമാനമാണ് ഇത്.  2014 ‐15 കാലയളവിൽ അംഗീകാരം നൽകിയ 153 പ്രവൃത്തികളിൽ 152 പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. 2015 ‐16 കാലയളവിൽ അംഗീകാരം നൽകിയ 121 പ്രവൃത്തികളിൽ 120 പ്രവൃത്തികളും, 2016 ‐17 കാലയളവിൽ അംഗീകാരം നൽകിയ 162 പ്രവൃത്തികളിൽ 134 പ്രവൃത്തികളും പൂർത്തിയായി. 2017 ‐18 കാലയളവിൽ അംഗീകാരം ലഭിച്ച 239 പ്രവൃത്തികളിൽ 52 പ്രവൃത്തികളും പൂർത്തിയായി. 2018‐19 കാലയളവിൽ ഇതുവരെ 12 പ്രവൃത്തികൾക്കാണ് (49.6 ലക്ഷം രൂപ) അംഗീകാരം നൽകിയത‌്.  കെട്ടിടം നിർമിക്കുമ്പോൾ വൈദ്യുതീകരണം, റാമ്പ് എന്നിവ ഉണ്ടെന്ന് നിർവഹണോദ്യോഗസ്ഥർ നിർബന്ധമായും ഉറപ്പാക്കണമെന്ന‌്  യോഗം നിർദേശിച്ചു. നിർദിഷ്ട കാലയളവിനുള്ളിൽ പൂർത്തിയാവാത്ത പ്രവൃത്തികൾക്ക് സമയപരിധി നീട്ടി വാങ്ങാൻ  കലക്ടർക്ക് അപേക്ഷ സമർപ്പിക്കണം. പൂർത്തിയായതായി നിർവഹണോദ്യോഗസ്ഥർ അറിയിച്ച മുഴുവൻ പ്രവൃത്തികളുടെയും അന്തിമ ബില്ല്  19 നുള്ളിൽ ജില്ലാ പ്ലാനിങ‌് ഓഫീസിൽ സമർപ്പിക്കണം. ജില്ലയിലെ സ്കൂളുകളിൽ കംപ്യൂട്ടർ സ്ഥാപിച്ചതിന്റെ ബില്ലുകൾ കൈമാറുന്നതിനുണ്ടായ കാലതാമസം പരിശോധിച്ച് ഒരാഴ്ചക്കകം അന്തിമ ബിൽ തുക കെൽട്രോണിന് കൈമാറണം.  എസ്റ്റിമേറ്റ് സമർപ്പിക്കാൻ ബാക്കിയുള്ള മുഴുവൻ പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് ഏഴു ദിവസത്തിനകം സമർപ്പിക്കണമെന്നും യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഒരാഴ്ചക്കുള്ളിൽ ബില്ല് സമർപ്പിക്കുമെന്ന് പറഞ്ഞ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ അടുത്തയാഴ്ച യോഗം ചേരും.   ജില്ലാ ആസൂത്രണ കമീഷൻ ഹാളിൽ ചേർന്ന യോഗത്തിൽ പി കെ ശ്രീമതി എംപി,  കലക്ടർ മീർ മുഹമ്മദ് അലി, ജില്ലാ ആസൂത്രണ ഓഫീസർ കെ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News