ഹണിട്രാപ്പ് : പ്രത്യേകസംഘം അന്വേഷിക്കുംതളിപ്പറമ്പ് തളിപ്പറമ്പിലെ ഹണിട്രാപ്പ് കേസ‌് പ്രത്യേകസംഘം അന്വേഷിക്കും. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ എസ്ഐ കെ ദിനേശൻ, സീനിയർ സി പി ഒമാരായ സുരേഷ് കക്കറ, മുഹമ്മദ് റൗഫ്, ജാബിർ, സ്നേഹേഷ് എന്നിവരുൾപ്പെട്ട സ്ക്വാഡാണ് കേസ് അന്വേഷിക്കുക. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട ഹണിട്രാപ്പ് സംഘത്തലവൻ റുവൈസിനെ കണ്ടെത്താനുള്ള  ചുമതലയും സംഘത്തിനാണ്. കഴിഞ്ഞ മൂന്നിനാണ് രക്താർബുദരോഗിയെന്ന് നടിച്ച് കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുറുമാത്തൂർ ചൊറുക്കള റഹ്മത്ത് വില്ലയിൽ കൊടിയിൽ റുവൈസ് (22) രക്ഷപ്പെട്ടത്.  അതേസമയം, സംഘത്തിന് യുവതിയെ എത്തിച്ചുകൊടുത്ത സുപ്രധാന കണ്ണിയെ പൊലീസ് തിരിച്ചറിഞ്ഞു. തളിപ്പറമ്പ് മന്ന സ്വദേശിയായ ഗൾഫ് പ്രവാസിയാണിയാൾ.  പരാതിക്കാരായ മുസ്ലിംലീഗ് ചപ്പാരപ്പടവ് ശാഖാ സെക്രട്ടറി പാറപ്പുറത്ത് ചെറിയവളപ്പിൽ പി സി അബ്ദുൾ ജലീൽ, സുഹൃത്ത് തളിപ്പറമ്പ് മന്നയിലെ വ്യാപാരി അലി, പയ്യന്നൂർ സെൻട്രൽ ബസാറിൽ വോൾഗാ റസ്റ്റോറന്റുടമയായിരുന്ന മാതമംഗലം വടക്കെച്ചാലിലെ കുഴിക്കാട്ട് വയലിൽ കെ വി ഭാസ്കരൻ എന്നിവരിൽനിന്ന് പണം തട്ടാൻ സമീറയെന്ന യുവതിയെയാണ് ഉപയോഗിച്ചത്. ഹണിട്രാപ്പ് സംഘവുമായി  സമീറയെ ബന്ധപ്പെടുത്തിയത് ഈ ഗൾഫുകാരനാണ്. കേസിലെ പ്രതികളായ കുറുമാത്തൂർ വെള്ളാരംപാറയിലെ പൊലീസ് യാർഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പയ്യന്നൂർ കാങ്കോലിലെ തലയില്ലത്ത് ടി മുസ്തഫ(45),  വരഡൂൽ മസ്ജിദിന് സമീപത്തെ സമീർ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലെത്താൻ നിർദേശിച്ചിട്ടും ഇയാൾ ഹാജരായില്ല. പൊലീസ് വീട്ടിലെത്തുമ്പോഴേക്കും മുങ്ങിയ യുവാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രമുഖരെ ബ്ലാക്ക്മെയിൽ ചെയ്ത് കോടികൾ തട്ടിയ ഹണിട്രാപ്പ് സംഘത്തെ ആഗസ്ത് 24നാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. Read on deshabhimani.com

Related News