ആക്രമണത്തിൽ ഒരാൾക്ക‌് പരിക്ക‌് ജനങ്ങളെ ഭീതിയിലാക്കി മുഴക്കുന്നിൽ കാട്ടാനയുടെ പരാക്രമം പേരാവൂർ ജനങ്ങളെ ഭീതിയിലാഴ്ത്തിയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും മണിക്കൂറുകളോളം വട്ടം കറക്കിയും  ജനവാസ കേന്ദ്രത്തിൽ ഒറ്റയാന്റെ പരാക്രമം. പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരന‌് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു.  ചക്കാട്ടെ വലിയപറമ്പിൽ പുരുഷോത്തമനാണ് പരിക്കേറ്റത്. ചാക്കാടുനിന്നും ഹാജിറോഡിലേക്ക് നടക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ പുരുഷോത്തമനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറളം ഫാമിൽനിന്നും പുഴകടന്ന് മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ഹാജി റോഡ് മേഖലയിലെത്തിയ കാട്ടാനയാണ് ഭീതി വിതച്ചത്. മണിക്കൂറുകളോളം നാടിനെ വിറപ്പിച്ച കാട്ടാന ഒരു പശുവിനെ കുത്തിക്കൊല്ലുകയും വനം വകുപ്പിന്റെ ജീപ്പ് ആക്രമിക്കുകയും ചെയ്തു. രണ്ട് ഫോറസ്റ്റ് വാച്ചർമാർ രക്ഷപ്പെട്ടത് ജീപ്പ് ഡ്രൈവറുടെ സമയോചിതമായ  ഇടപെടൽകാരണം. തിങ്കളാഴ്ച പുലർച്ചെ ആറോടെയാണ്  വിളക്കോട് ഹാജി റോഡിന് സമീപം കാട്ടാനയെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന്  എസ്ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ആറളം വൈൽഡ് ലൈഫ് വാർഡൻ പി കെ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ  വനം വകുപ്പ് സംഘവും  മുഴക്കുന്ന് പഞ്ചായത്തു പ്രസിഡന്റ് ബാബു ജോസഫും സ്ഥലത്തെത്തി.  ജനങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദേശം നൽകുകയും വീടുകളിൽനിന്നു പുറത്തിറങ്ങുന്നത‌് വിലക്കുകയും ചെയ്തു. തുരത്താൻ ശ്രമിക്കവെ കാട്ടാന സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നും റോഡിലേക്ക് പലപ്രാവശ്യം കയറുകയും വീണ്ടും  മുൻപത്തെ സ്ഥാനത്തു തന്നെ നിലയുറപ്പിക്കുകയും  ചെയ്തു. ഒരു തവണ റോഡിലുണ്ടായിരുന്ന പോലീസ് ജീപ്പ് അക്രമിക്കാനായി ഓടി അടുക്കുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തു. പകൽ ഒന്നോടെ ഹാജി റോഡ് അയ്യപ്പൻ കാവ് റോഡിൽ ഇറങ്ങിയ കാട്ടാന വനം വകുപ്പിലെ രണ്ട് വാച്ചർമാർക്ക് നേരെ ഓടിയടുത്തു. ഇതേസമയം റോഡിൽ നിർത്തിയിട്ട വനം വകുപ്പിന്റെ ജീപ്പ് ആനയുടെ മുന്നിലേക്ക് എടുത്ത് ഡ്രൈവർ വാച്ചർമാരെ രണ്ടുപേരെയും ആനയിൽനിന്നും അകറ്റിയതുകാരണം  അപകടം ഒഴിവായി. എന്നാൽ  ആന അരിശം   ജീപ്പിനോട് തീർത്തു. കൊമ്പുകൊണ്ടു ജീപ്പിൽ ആഞ്ഞു കുത്തി. ചാക്കാട് ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങിയ ആന  മമ്മാലി റിജേഷിന്റെ പശുവിനെ ആക്രമിച്ചു  കൊന്നു.   മുമ്പും നിരവധി തവണ മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ ഇറങ്ങി പ്രശ്നം സൃഷ്ടിച്ചിരുന്നു.  ആറളം വനത്തിൽനിന്നും ആറളം ഫാമിലൂടെയാണ് കാട്ടാനകൾ ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം  ഫാമിൽനിന്ന് തുരത്തിയ കാട്ടാനക്കൂട്ടത്തിൽനിന്നും കൂട്ടം തെറ്റി എത്തിയ കാട്ടാനയാണ് ഇതെന്നാണ്  സംശയിക്കുന്നത്.   രാവിലെ സ്ഥലത്തെത്തിയ ഡിഎഫ്ഒ സുനിൽ പാമടി ഫോറസ്റ്റ് അധികൃതർക്ക്  നിർദേശം  നൽകി.  വനം വകുപ്പ് അധികൃതരും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. Read on deshabhimani.com

Related News