ചില്ലലമാരകളിൽ പ്രദർശിപ്പിക്കാനുള്ളതല്ല പുസ‌്തകങ്ങൾ: ടി പത്മനാഭൻ കണ്ണൂർ ചില്ലിട്ട അലമാരകളിൽ പ്രദർശിപ്പിക്കാനുള്ളതല്ല;  വായിക്കാനുള്ളതാണ‌്  പുസ‌്തകങ്ങളെന്ന‌് കഥാകൃത്ത‌് ടി പത്മനാഭൻ. എസ‌്എഫ‌്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ‌്തക യാത്ര ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണക്കാരുടെ വീടുകളിലെ ചില്ലലമാരകളിൽ നല്ല പുസ‌്തകങ്ങൾ അട്ടിയായി  സൂക്ഷിച്ചത‌് കാണാം. ഇവയൊന്നും ഒരുകാലത്തും കൈകൊണ്ട‌് മറിച്ചിട്ട‌് പോലുമുണ്ടാവില്ല. വായിക്കാനാണ‌് പുസ‌്തകങ്ങൾ. വായിച്ചതിനെ കുറിച്ച‌് ചിന്തിച്ച‌് സ്വയം അഭിപ്രായം രൂപീകരിക്കണം. എഴുതിയതൊന്നും പൂർണമായും ശരിയായിരിക്കണമെന്നില്ലെന്നും ടി പത്മനാഭൻ പറഞ്ഞു. പഴയകാലത്തെ അപേക്ഷിച്ച‌് പുസ‌്തക വായന കുറഞ്ഞിട്ടുണ്ട‌്. വായന ഉണ്ടെങ്കിലേ സമ്പൂർണ മനുഷ്യനാകാൻ കഴിയൂ.  യുവതലമുറ വായനയെ നെഞ്ചേറ്റണമെന്നും ടി പത്മനാഭൻ പറഞ്ഞു.  കൃഷ‌്ണമേനോൻ സ‌്മാരക ഗവ. വനിതാ കോളേജിൽ നടന്ന പരിപാടിയിൽ എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌് ഷിബിൻ കാനായി അധ്യക്ഷനായി. പയ്യന്നൂർ കുഞ്ഞിരാമൻ, പ്രിൻസിപ്പൽ ഡോ. രജില, എസ‌്എഫ‌്ഐ കേന്ദ്രകമ്മിറ്റിയംഗം ലിന്റോ ജോസഫ‌്, സർവകലാശാല യൂണിയൻ ചെയർമാൻ സി പി ഷിജു, കോളേജ‌് യൂണിയൻ ചെയർപേഴ‌്സൺ സി പി നിരഞ‌്ജന എന്നിവർ സംസാരിച്ചു. എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി എ പി അൻവീർ സ്വാഗതവും മുഹമ്മദ‌് ഫാസിൽ നന്ദിയും പറഞ്ഞു. ജൂലൈ ആറ‌് വരെ നീളുന്ന പുസ‌്തക യാത്ര ജില്ലയിലെ എല്ലാ കലാലയങ്ങളിലും എത്തും. Read on deshabhimani.com

Related News